വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ ക്യൂബയിലുള്ള ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി.
മൂന്ന് വെനിസ്വേലൻ കുടിയേറ്റക്കാരെ ന്യൂ മെക്സികോയിലെ തടങ്കലിൽനിന്ന് ഗ്വാണ്ടനാമോയിലേക്ക് മാറ്റാനുള്ള നടപടി ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. ന്യൂ മെക്സികോ ജില്ല കോടതി ജഡ്ജി കെന്നത് ജെ. ഗോൺസാലസാണ് ഉത്തരവിട്ടത്. ട്രെൻഡി അരഗ്വ സംഘവുമായി ബന്ധമുണ്ടെന്ന് തെറ്റായി ആരോപിച്ചാണ് തടങ്കലിലിട്ടിരിക്കുന്നതെന്ന് വെനിസ്വേലൻ കുടിയേറ്റക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
നിയമസേവനം ലഭിക്കുന്നതിലുള്ള അനിശ്ചിതത്വം മാറുന്നതുവരെ ഉത്തരവ് തടയണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഭരണഘടന അവകാശ കേന്ദ്രം, ന്യൂ മെക്സികോയുടെ അമേരിക്കൻ പൗരാവകാശ യൂനിയൻ, ലാ അമേരിക്ക കുടിയേറ്റ ഉപദേശക കേന്ദ്രം എന്നിവ നൽകിയ പരാതിയുടെ ഭാഗമായാണ് ഇവർ കോടതിയെ സമീപിച്ചത്.
അതേസമയം, കോടതി ഉത്തരവിനോട് യു.എസ് കസ്റ്റംസ്, എമിഗ്രേഷൻ എൻഫോഴ്സ്മെന്റ് വകുപ്പ് പ്രതികരിച്ചിട്ടില്ല. ട്രംപ് വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ ശേഷം 8000 അനധികൃത കുടിയേറ്റക്കാരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.