തെഹ്റാൻ: ഇറാനുമായി ആണവച്ചർച്ച പുരോഗമിക്കുന്നതിനിടെ ഇറാൻ വിടാൻ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു.എസ് എംബസി. അതുകൊണ്ട് ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടണമെന്നാണ് എംബസിയുടെ നിർദേശം.
ഇറാനിലെ പ്രതിഷേധങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടൽ, വിമാന സർവീസ് റദ്ദാക്കൽ എന്നിവയും പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇറാനുമായുള്ള കരാർ യാഥാർഥ്യമായില്ലെങ്കിൽ ‘അനിഷ്ടകരമായ കാര്യങ്ങൾ’ സംഭവിക്കാനിടയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇറാനിൽ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറക്കുകയോ റദ്ദാക്കുകയോ ചെയ്യാനും സാധ്യതയുണ്ട്. അതുകൊണ്ട് അർമേനിയ, തുർക്കി എന്നീ രാജ്യങ്ങൾ വഴി കരമാർഗ്ഗം ഇറാൻ വിടാനാണ് എംബസിയുടെ നിർദേശം. ഇതിനായി അർമേനിയൻ അതിർത്തിയായ അഗാരക്, നോർദുസ്, തുർക്കി അതിർത്തികളായ ഗുർബുലാക്, കപ്പിക്കോയ്, എസെൻഡെറെ എന്നിവ തുറന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇറാൻ-അമേരിക്കൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ ഒമാനിൽ നടക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങൾ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനുമായി നേരിട്ട് നയതന്ത്ര ബന്ധമില്ലാത്തതിനാൽ സ്വിസ് എംബസി വഴിയാണ് അമേരിക്കയുടെ നീക്കങ്ങൾ. നിലവിൽ രാജ്യത്ത് തുടരുന്നവർ പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ആവശ്യമായ ഭക്ഷണവും മരുന്നും കരുതി സുരക്ഷിത സ്ഥലങ്ങളിൽ കഴിയാനും നിർദേശമുണ്ട്.
മേഖലയിൽ യുദ്ധഭീതി പടരുന്ന സാഹചര്യത്തിൽ ഇറാനും യു.എസും തമ്മിൽ നടക്കാനിരിക്കുന്ന ആണവച്ചർച്ച നിർണായകമാണ്. അറബിക്കടലിൽ യു.എസ് വിമാനവാഹിനിക്കപ്പലിന് സമീപം ഇറാനിയൻ ഡ്രോൺ വെടിവച്ചിട്ടത് ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.