ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്ന ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രാലയം. രാജ്യത്തെ 1.4 ബില്യൺ ജനങ്ങളുടെ താൽപര്യങ്ങൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ജനങ്ങളുടെ ഊർജ സുരക്ഷയെന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ നിന്നും ഇന്ധനം വാങ്ങുകയെന്നത് തങ്ങളുടെ നയത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര സാഹചര്യം ഉൾപ്പടെ മുൻനിർത്തിയാണ് ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി യു.എസിൽ നിന്ന് എണ്ണ ഇറക്കുമതി കുത്തനെ വർധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് ഇന്ത്യൻ കമ്പനികൾ ഗണ്യമായി കുറച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. യു.എസിൽനിന്ന് എത്രത്തോളം അധിക അസംസ്കൃത എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യാമെന്ന് വിലയിരുത്താനായി പൊതുമേഖല എണ്ണ കമ്പനികളുടെയും പ്രകൃതിവാതക കമ്പനികളുടെയും മുതിർന്ന ഉദ്യോഗസ്ഥർ ഈ ആഴ്ച ഊർജ മന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ചെലവ് കൂടുതലാണെങ്കിലും റഷ്യക്കുമേലുള്ള ഉപരോധങ്ങളും ആഭ്യന്തര വിപണിയിലെ ഡിമാൻഡും കാരണം പൊതുമേഖല കമ്പനികൾ യു.എസിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയെ അപേക്ഷിച്ച് യു.എസിൽനിന്ന് എണ്ണ ഇറക്കുമതി ചെലവ് കൂടുതലാണ്. ബാരലിന് രണ്ട് ഡോളർ അധികം നൽകേണ്ടി വരും. എണ്ണ വില കുറച്ചാൽ മാത്രമേ ഇറക്കുമതി ചെലവ് കമ്പനികൾക്ക് താങ്ങാൻ കഴിയൂവെന്നാണ് യാഥാർഥ്യം.
വരും മാസങ്ങളിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി റഷ്യയിൽനിന്ന് പൂർണമായും യു.എസിലേക്ക് മാറുമെന്നാണ് സൂചന. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് പൂർണമായും അവസാനിച്ചിട്ടില്ലെങ്കിലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ റഷ്യയിൽനിന്ന് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച എണ്ണ മാർച്ചിൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.