ന്യൂഡൽഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടവുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും അന്തിമരൂപം നൽകി നാലഞ്ച് ദിവസത്തിനകം ഒപ്പുവെക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. അതിന് ശേഷം, ഇന്ത്യക്ക് മേൽ ചുമത്തിയ തീരുവ 50ൽനിന്ന് 18 ശതമാനമാക്കി വെട്ടിക്കുറക്കുന്ന ഉത്തരവ് യു.എസ് പ്രസിഡന്റ് പുറത്തിറക്കും.
ഇരു രാജ്യങ്ങളിലെയും നേതാക്കൾ കൈക്കൊണ്ട തീരുമാനങ്ങൾ സംബന്ധിച്ച് സംഭാഷണങ്ങൾ തുടരുകയാണ്. അന്തിമ കരാർ മാർച്ച് പകുതിയോടെ ഔപചാരികമായി ഒപ്പുവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതിന് ശേഷമാണ് അമേരിക്കൻ ഇറക്കുമതിക്കു മേലുള്ള തീരുവ കുറക്കാൻ ഇന്ത്യക്ക് കഴിയുകയെന്ന് മന്ത്രിയും വാണിജ്യ വകുപ്പ് സെക്രട്ടറി രാജേഷ് അഗർവാളും അറിയിച്ചു. സംയുക്ത പ്രസ്താവന വന്നുകഴിഞ്ഞാൽ അത് നിയമപരമായ കരാറായി പരിവർത്തനം ചെയ്യേണ്ടതുണ്ടെന്നും അഗർവാൾ പറഞ്ഞു.
നിയമപരമായ കരാറാണ് തീരുവ വെട്ടിക്കുറക്കാനുള്ള അധികാരം നൽകുക. അമേരിക്കയുടെ തീരുവ എക്സിക്യൂട്ടിവ് തീരുവയാണ്, അത് എക്സിക്യൂട്ടിവ് ഉത്തരവ് മുഖേന ഭേദഗതി വരുത്താം. എന്നാൽ, ഇന്ത്യയുടെ തീരുവകൾ ഇഷ്ടരാജ്യ തീരുവകളാണ്. ലോക വ്യാപാര സംഘടനയിലെ അംഗരാഷ്ട്രങ്ങൾ തമ്മിൽ ചരക്കുകളിൽ ചുമത്തുന്ന തീരുവയാണ് ഇഷ്ടരാജ്യ (എം.എഫ്.എൻ) തീരുവ. അത് കരാർ ഒപ്പുവെച്ച ശേഷം മാത്രമാണ് വെട്ടിക്കുറക്കാൻ കഴിയുകയെന്നും വാണിജ്യ സെക്രട്ടറി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.