യു.എസ്-റഷ്യ ആണവായുധ നിയന്ത്രണ കരാർ അവസാനിച്ചു; ആശങ്ക ശക്തം

വാഷിങ്ടൺ: ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ യു.എസുമായുള്ള റഷ്യയുടെ ആണവായുധ കരാറിന്റെ കാലാവധി അവസാനിച്ചു. ന്യൂ സ്റ്റാർട്ട് (ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാറാണ് വ്യാഴാഴ്ച കാലഹരണപ്പെട്ടത്. ഇരു കക്ഷികൾക്കും വിന്യസിക്കാവുന്ന തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കരാറാണിത്. ഇനി നിയന്ത്രണങ്ങളില്ലാതെ ഏത് ആണവായുധവും വിന്ന്യസിക്കാൻ യു.എസിനും റഷ്യക്കും കഴിയും.

2010 ഒപ്പിട്ട കരാർ തൊട്ടടുത്ത വർഷമാണ് നിലവിൽ വന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളും ശക്തമായ ബോംബർ യുദ്ധ വിമാനങ്ങളും വിന്ന്യസിക്കുന്നതിനാണ് കരാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കരാർ പാലിക്കുന്നുണ്ടോയെന്ന് പരസ്പരം പരിശോധിക്കാനും ഡാറ്റ കൈമാറാനും കരാറിൽ വ്യവസ്തകളുണ്ടായിരുന്നു. കരാർ വ്യവസ്ഥകൾ തുടരാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബറിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും യു.എസ് ഔദ്യോഗികമായി പ്രതികരിച്ചില്ലെന്ന് മുതിർന്ന റഷ്യൻ നയതന്ത്രജ്ഞനും വിദേശനയ ഉപദേഷ്ടാവുമായ യുറി ഉഷകോവ് പറഞ്ഞു. കരാർ പുതുക്കുന്നത് നല്ല ആശയമാണെന്ന് അന്ന് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ചകൾക്ക് തയാറായില്ല. സംവാദത്തിനും നയതന്ത്ര സ്ഥിരത ഉറപ്പുവരുത്താനും റഷ്യ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കരാറിന്റെ കാലാവധി അവസാനിച്ചാലും റഷ്യ ജാഗ്ര​തയോടെ മാത്രമേ പ്രതികരിക്കൂവെന്ന് കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. കരാർ അവസാനിക്കുകയാണെല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തിടുക്കമില്ലെന്ന മട്ടിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചത്. ഈ വിഷയം ട്രംപ് പിന്നീട് പരിഗണിക്കുമെന്ന് അ​ദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആയുധ നിയന്ത്രണം ഉറപ്പാക്കണമെന്ന കാര്യം ട്രംപ് നേരത്തെ വ്യക്തമാക്കിയതാണ്. ആണവായുധ ശേഖരം അതിവേഗം വളരുന്നതിനാൽ ചൈനയെ ഉൾപ്പെടുത്താതെ കരാർ പുതുക്കാൻ കഴിയില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു.

ചൈനയുടെ ആണവായുധ ശേഖരം അതിവേഗം വളരുകയാണെങ്കിലും നിലവിൽ റഷ്യയുടെയും യു.എസിന്റെയും പരിധിക്ക് താഴെയാണ്. ചൈനയെ ഉൾപ്പെടുത്താതെ ന്യൂ സ്റ്റാർട്ട് കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ട്രംപ് ആദ്യ പ്രസിഡന്റ് കാലയളവിൽ സൂചന നൽകിയിട്ടുണ്ട്. ​2020 തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപിച്ച് പ്രസിഡന്റായ ജോ ബൈഡൻ കരാർ അഞ്ച് വർഷത്തേക്ക് നീട്ടാമെന്ന് സമ്മതിച്ചിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തോടെ യു.എസ്-റഷ്യ ബന്ധം വഷളാവുകയായിരുന്നു.

Tags:    
News Summary - Russia​'s Nuke Pact with US Ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.