കാരക്കാസ്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ യു.എസ് സൈന്യം പിടികൂടി ഒരു മാസത്തിനുശേഷം യു.എസ് വിരുദ്ധ റാലികളാൽ പ്രക്ഷുബ്ധമായി തലസ്ഥാനമായ കാരക്കാസിലെ തെരുവുകൾ.
ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ കീഴിൽ രാജ്യം അസ്ഥിരമായ ഒരു ഘട്ടത്തിലുടെ കടന്നുപോകുമ്പോഴാണ് സർക്കാർ അനുകൂലികൾ തെരുവിലിറങ്ങിയത്. തടവിലാക്കപ്പെട്ട മുൻ നേതാവിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ട് യുനൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേലയുടെ അനുയായികളാണ് തലസ്ഥാനത്ത് മാർച്ച് നടത്തിയത്.
പി.എസ്.യു.വി സെക്രട്ടറി ജനറൽ ഡിയോസ്‌ഡാഡോ കാബെല്ലോയും നഹൂം ഫെർണാണ്ടസും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. വിദേശ ശക്തികള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദിക്കില്ലെന്നും, മദൂറോയുടെ മോചനം വരെ പോരാട്ടം തുടരുമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി പ്ലാസ വെനസ്വേലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കാരാക്കസ് വരെ നീണ്ടു.’അവര്‍ ഞങ്ങളുടെ പ്രസിഡന്റിനെ കൊണ്ടുപോയിരിക്കാം, പക്ഷേ അവര്‍ക്ക് ഞങ്ങളുടെ വിപ്ലവ വീര്യത്തെ തകര്‍ക്കാനാവില്ല’എന്നതായിരുന്നു മാര്‍ച്ചില്‍ പങ്കെടുത്തവരുടെ പ്രധാന മുദ്രാവാക്യം.
മാര്‍ച്ചില്‍ സംസാരിച്ച മദൂറോയുടെ മകന്‍ നിക്കോളാസ് മദൂറോ ഗുവേര, വെനസ്വേലയുടെ മണ്ണില്‍ ജനകീയ വിപ്ലവം തുടരുമെന്ന് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ ശക്തികളുടെ പിന്തുണ ഈ പോരാട്ടത്തിനുണ്ടെന്നും, വെനസ്വേലയുടെ സ്വയംഭരണാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
നീതി വിജയിക്കുമെന്ന ഞങ്ങൾ ഉറച്ച ബോധ്യത്തോടെ ഞങ്ങൾ പ്രതിഷേധിക്കും എന്ന് നഹൂം ഫെർണാണ്ടസ് പറഞ്ഞു. സർക്കാറിന് പൂർണ പിന്തുണ നൽകുന്നതിനായി പ്രസ്ഥാനം തെരുവുകളിൽ തന്നെ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. മദൂറോയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടും, ജനുവരി 5ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത റോഡ്രിഗസിനോട് ഏത് സാഹചര്യത്തിലും സ്ഥിരത നിലനിർത്താൻ ഊന്നിപ്പറഞ്ഞും സോഷ്യലിസ്റ്റ് നേതൃത്വം തങ്ങളുടെ വിശ്വസ്തത ഉറപ്പു നൽകി.
2026 ജനുവരി 3ന് വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യം നിയമവിരുദ്ധമായി കടന്നുകയറുകയും, മദൂറോയെയും ഭാര്യയെയും ബലമായി പിടികൂടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.