ബെയ്ജിങ്: ഹുർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യു.എസും ഇറാനും തമ്മിൽ ആറ് ദിവസമായി തുടരുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ചൈനയും പാകിസ്താനും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും ശത്രുത വെടിഞ്ഞ് എത്രയും വേഗം സമാധാന ചർച്ചകളിലേക്ക് മടങ്ങണമെന്നും വിദേശകാര്യമന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
ഷാങ്ഹായിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും പാകിസ്താൻ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദാറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇരുരാജ്യങ്ങളും ആശങ്ക വ്യക്തമാക്കിയത്. മേഖലയിലെ നിലവിലെ സാഹചര്യം വഷളാകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ നേതാക്കൾ, എത്രയും വേഗം ആക്രമണങ്ങൾ നിർത്തിവെക്കാനും സമാധാന കരാറിലെത്താനുള്ള ചർച്ചകൾ പുനരാരംഭിക്കാനും ആവശ്യപ്പെട്ടു. രാജ്യാന്തര സമൂഹം ഇതിനാവശ്യമായ സഹായങ്ങൾ നൽകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
യു.എസും ഇറാനും തമ്മിൽ ഒപ്പുവെച്ച ഇസ്ലാമാബാദ് ധാരണാപത്രം ഏറെ പ്രയത്നങ്ങൾക്കൊടുവിലാണ് യാഥാർഥ്യമായതെന്ന് വാങ് യി ഓർമ്മിപ്പിച്ചു. ചർച്ചയിൽ മധ്യസ്ഥത വഹിച്ച പാകിസ്താന്റെ പങ്കിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു വാങ് യിയുടെ പ്രസ്താവന. "സമാധാനം കൈയെത്തും ദൂരത്തുണ്ട്, അത് നഷ്ടപ്പെടുത്താൻ നമുക്കാവില്ല. ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ഇരുവിഭാഗവും ബാധ്യസ്ഥരാണ്. സമാധാന ശ്രമങ്ങൾക്കായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥതയ്ക്ക് ചൈനയുടെ പൂർണ്ണ പിന്തുണയുണ്ടാകും," ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിലെ വ്യോമ-നാവിക പാതകളെച്ചൊല്ലി യു.എസും ഇറാനും തമ്മിൽ കഴിഞ്ഞ ആറ് ദിവസമായി പരസ്പരം ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളുടെയും സമാധാന ആഹ്വാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.