വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിന്‍റെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയും ഇറാനും തയ്യാറായില്ലെങ്കിൽ ആഗോള ഊർജവിതരണം ഗുരുതര ഭീഷണി നേരിടുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ (ഐ.ഇ.എ) മേധാവി ഫാത്തിഹ് ബിറോൾ. വ്യാഴാഴ്ച നടന്ന കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ബിറോൾ വിഷയത്തിൽ പ്രതികരിച്ചത്.
എണ്ണസുരക്ഷ ഇപ്പോഴും നിർണായക വിഷയമാണ്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെങ്കിൽ നാം ആശങ്കപ്പെടണം. എനിക്കും ആശങ്കയുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരെ അമേരിക്ക നടത്തുന്ന കനത്ത ആക്രമണത്തിനിടെയാണ് ബിറോളിന്റെ പ്രതികരണം.
അതേ സമയം ഇറാനിലെ തെക്കൻ മേഖലകളിൽ അമേരിക്ക നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ 30 സിവിലിയൻസ് കൊല്ലപ്പെടുകയും 260ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുപുറമെ, ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യു.എസ് തൊടുത്ത 13 മിസൈലുകൾ പതിച്ച് ഏഴ് ഇറാനിയൻ സൈനികരും കൊല്ലപ്പെട്ടു.
ഗസ്റ്റ് ഹൗസ്, ഗാർഡ് പോസ്റ്റുകൾ, താമസസ്ഥലങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം നടന്നത്. പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നതുകൊണ്ടാണ് കൂടുതൽ ആളപായം ഒഴിവായതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ആക്രമണത്തെ 'ഭീരുത്വപരമായ അക്രമം' എന്ന് വിശേഷിപ്പിച്ച ഇറാനിയൻ സൈന്യം ഇതിന് ഉചിതമായ സമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു.
തിരിച്ചടിയുടെ ഭാഗമായി അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) പ്രത്യാക്രമണം നടത്തി. ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ യു.എസ് ഫിഫ്ത്ത് ഫ്ലീറ്റിൽ വലിയ നാശനഷ്ടങ്ങൾ വരുത്താൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും ഐ.ആർ.ജി.സി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.