ഫലസ്തീൻ തടവുകാരെ പാർപ്പിക്കാൻ 'മുതല ജയിലുകൾ' ഒരുക്കി ഇസ്രായേൽ; ഇതാമർ ബെൻ ഗ്വിറിന്റെ ക്രൂര പദ്ധതിക്ക് നിയമസാധുത

തെൽ അവീവ്: ഫലസ്തീൻ രാഷ്ട്രീയ തടവുകാരെ പാർപ്പിച്ചിരിക്കുന്ന അതിസുരക്ഷാ ജയിലുകൾക്ക് ചുറ്റും മുതലകൾ നിറഞ്ഞ കിടങ്ങുകൾ നിർമിക്കണമെന്ന ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീറിന്റെ വിവാദ പദ്ധതിക്ക് നിയമസാധുത നൽകി ഇസ്രായേൽ സർക്കാർ. പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായി നിന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമപരമായ തടസ്സങ്ങൾ നീങ്ങിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിലായിരുന്ന മുതലകൾ. പുതിയ നിയമ പ്രകാരം മുതലകളെ പരിപാലിക്കേണ്ട വന്യജീവി വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ അംഗീകൃത മൃഗശാലകൾക്ക് പുറത്ത് ജയിൽ മന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾക്ക് നിബന്ധനകളോടെ മുതലകളെ സൂക്ഷിക്കാൻ നിയമപരമായ അനുമതി ലഭിക്കും.

ഇസ്രായേൽ മാധ്യമങ്ങൾ 'മുതല ജയിൽ' എന്ന് വിശേഷിപ്പിക്കുന്ന ഈ പദ്ധതിക്ക് ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി നേരത്തെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുതിയ നിയമഭേദഗതിയോടെ ഈ തടസ്സവും നീങ്ങി. ഫലസ്തീൻ തടവുകാർ ജയിൽ ചാടുന്നത് തടയാനും അവരിൽ കടുത്ത ഭീതി സൃഷ്ടിക്കാനുമാണ് ജയിലിന് ചുറ്റും മുതലകളെ വളർത്തണമെന്ന ക്രൂരമായ നിർദ്ദേശം ഈ വർഷമാദ്യം ബെൻ ഗ്വിർ മുന്നോട്ട് വെച്ചത്.

പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് ഇസ്രായേൽ പ്രിസൺ സർവീസ് നിലവിൽ പഠനം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ജയിൽ ഉദ്യോഗസ്ഥർ വിവിധ മൃഗശാലകൾ സന്ദർശിച്ച് മുതലകളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജയിലുകൾക്ക് ചുറ്റും മുതലക്കിടങ്ങുകൾ നിർമിക്കുന്നത് വലിയ സുരക്ഷാച്ചെലവില്ലാതെ ഫലസ്തീനികളെ അടിച്ചമർത്താൻ സഹായിക്കുമെന്നാണ് ഇസ്രായേൽ അധികൃതരുടെ വിലയിരുത്തൽ.



Tags:    
News Summary - Israel prepares 'crocodile jails' to house Palestinian prisoners; Itamar Ben-Gvir's cruel plan gains legal validity.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.