ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ പുതിയ നേതാവായി ആൻഡി ബർണാം തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ തിങ്കളാഴ്ച രാജിവെക്കുന്നതോടെ ബ്രിട്ടന്‍റെ പ്രധാനമന്ത്രി പദത്തിലേക്കും ബർണാം എത്തും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അധികാരത്തിൽ വരുന്ന ഏഴാമത്തെ ഭരണാധികാരിയായിരിക്കും അദ്ദേഹം. രാഷ്ട്രീയ അസ്ഥിരതകൾ നിറഞ്ഞ ബ്രിട്ടന് പുതിയ പ്രതീക്ഷ നൽകിയാണ് ബർണാം അധികാരത്തിലേക്ക് വരുന്നത്. ജനങ്ങൾക്ക് പ്രതീക്ഷ തിരികെ നൽകുമെന്നും സാധാരണക്കാർക്ക് ഗുണകരമല്ലാത്ത നിലവിലെ രാഷ്ട്രീയ-സാമ്പത്തിക മാതൃകകളെ പൊളിച്ചെഴുതുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം നടന്ന നിർണായക ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടെയാണ് ബർണാം ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്ക് ഉയർന്നു വന്നത്. ലേബർ പാർട്ടിയുടെ ശക്തികേന്ദ്രമായ മേക്കർഫീൽഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയിലെ 403 എം.പിമാരിൽ ഭൂരിഭാഗം പേരും ബർണാമിനെ പിന്തുണച്ചതോടെ നേതൃമാറ്റം വേഗത്തിലാവുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി സ്റ്റാർമറിന്റെ ജനപ്രീതി കുറഞ്ഞുവെന്നതിന്റെ സൂചനയായി പാർട്ടി വിലയിരുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഗേറ്റർ മാഞ്ചസ്റ്റർ മേയറായിരുന്ന ബർണാമിനെ പുതിയ നേതാവായി പാർട്ടി കണ്ടെത്തിയത്.
2001 മുതൽ 2017 വരെ വെസ്റ്റ്മിൻസ്റ്ററിൽ പ്രവർത്തിച്ചിരുന്ന ബർണാം ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ എന്നിവരുടെ മന്ത്രിസഭകളിൽ ആരോഗ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് 2017-ൽ മാഞ്ചസ്റ്റർ മേയറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ലണ്ടൻ കേന്ദ്രീകൃതമായ ഭരണരീതിക്കെതിരെ നടത്തിയ ഇടപെടലുകളിലൂടെ കിംഗ് ഓഫ് ദി നോർത്ത് എന്ന വിളിപ്പേരും നേടി. മാഞ്ചസ്റ്ററിന്റെ സാമ്പത്തിക വളർച്ചയിലും പൊതുഗതാഗത സംവിധാനത്തിലും അദ്ദേഹം വരുത്തിയ മാറ്റങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബ്രെക്സിറ്റ്, കോവിഡ് മഹാമാരി, യുക്രെയ്ൻ-റഷ്യ യുദ്ധം എന്നിവ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾ ഇപ്പോഴും രാജ്യത്ത് തുടരുന്നുണ്ട്. കൂടാതെ ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ധനവിലയിൽ ഉണ്ടായേക്കാവുന്ന വർദ്ധനവ് ബ്രിട്ടന്റെ വളർച്ചയെ ബാധിച്ചേക്കാം. ട്രംപ് ഭരണകൂടവുമായുള്ള നയതന്ത്ര ബന്ധങ്ങൾ കൈകാര്യം ചെയ്യുക, കുടിയേറ്റ നിയമങ്ങളിലെ പരിഷ്കാരങ്ങൾ, നിർമ്മിത ബുദ്ധി മേഖലയിലെ നിയന്ത്രണങ്ങൾ എന്നിവ ബർണാമിന് മുന്നിലുള്ള പ്രധാന കടമ്പകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.