തെഹ്റാൻ/ വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ പൂർണമായും തല്ലിക്കെടുത്തി യു.എസിന്റെ ഇറാൻ ആക്രമണം അയവില്ലാതെ തുടരുന്നു. കഴിഞ്ഞദിവസം, ഇറാന്റെ ജനവാസ മേഖലകളിലടക്കം വൻആക്രമണം അഴിച്ചുവിട്ട യു.എസ് വെള്ളിയാഴ്ച രാജ്യത്തെ തുറമുഖവും പാലങ്ങളും വിമാനത്തവളവുമെല്ലാം ലക്ഷ്യമാക്കി അതിരൂക്ഷമായ വ്യോമാരകമണം നടത്തി. വെള്ളിയാഴ്ച മാത്രം, ഇറാനിൽ എട്ട് സിവിലിയന്മാർ കൊല്ലപ്പെട്ടു.
മറുവശത്ത്, ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ നിലയങ്ങൾ ലക്ഷ്യമാക്കി ഇറാനും തിരിച്ചടിച്ചതോടെ തുടർച്ചയായ ആറാം ദിവസവും വലിയ സംഘർഷങ്ങൾക്ക് മേഖല സാക്ഷ്യം വഹിച്ചു.ഹുർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഹൂർമൂസ്ഖാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ നഗരത്തിലെ പാലങ്ങളാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിട്ടത്. സർക്കാർ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇറാന്റെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിനെ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളുമായും തലസ്ഥാനമായ തെഹ്റാനുമായും ബന്ധിപ്പിക്കുന്ന ദേശീയപാത, റെയിൽപാത പാലങ്ങളാണ് ആക്രമണത്തിൽ തകർന്നത്. മറ്റു വഴികൾ ഇപ്പോഴും ലഭ്യമാണെങ്കിലും സൈനിക നീക്കങ്ങളെയും അവശ്യവസ്തുക്കളുടെ വിതരണത്തെയും ഇത് ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ, തെക്കുകിഴക്കൻ ഇറാനിലെ ഇറാൻശഹ്ർ വിമാനത്താവളവും ആക്രമിക്കപ്പെട്ടു.
അമേരിക്കൻ ആക്രമണത്തിൽ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചു. ഒമാൻ ഉൾക്കടലിലുള്ള ഷാബഹാർ തുറമുഖത്തിലെ നിയന്ത്രണ ഗോപുരം ആക്രമണത്തിൽ തകർന്നതായി സർക്കാർ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ സഹകരണത്തോടെ വികസിപ്പിച്ചുവരുന്ന ഈ തുറമുഖം അഫ്ഗാനിസ്ഥാനിലേക്കുള്ള പ്രധാന വ്യാപാര കവാടമാണ്. ആറ് ദിവസത്തിനിടെ 50ഓളം പേർ ഇറാനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കിയുള്ള ഇറാന്റെ പ്രത്യാക്രമണത്തിനും അയവില്ല. കുവൈത്ത്, ഖത്തർ, ജോർഡൻ എന്നീ രാജ്യങ്ങൾക്കുനേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. യുദ്ധത്തിൽ മധ്യസ്ഥശ്രമം നടത്തുന്ന ഖത്തറിനും ആക്രമണം നേരിടേണ്ടിവന്നു എന്നതാണ് ഇതിൽ ശ്രദ്ധേയം. ഇറാൻ വെള്ളിയാഴ്ച രണ്ട് തവണ ഖത്തറിലേക്ക് മിസൈൽ ആക്രമണം നടത്തി. വ്യോമപ്രതിരോധ സംവിധാനം മിസൈലുകൾ തടഞ്ഞെങ്കിലും അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വൈദ്യുതി-ഡീസാലിനേഷൻ പ്ലാന്റിനുനേരെയുള്ള ആക്രമണത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. രാജ്യത്തെ കുടിവെള്ളത്തിന്റെ ഏകദേശം 90 ശതമാനവും കടൽവെള്ളം ശുദ്ധീകരിച്ചാണ് ലഭിക്കുന്നത്. അതിനാൽ പ്ലാന്റിന് സംഭവിച്ച കേടുപാടുകൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ആശങ്ക. ജോർദാൻ മൂന്ന് ഇറാനിയൻ മിസൈലുകൾ വെടിവെച്ച് തകർത്തതായി സൈന്യം അറിയിച്ചു.
ഖത്തറിൽ ഇറാൻ മിസൈലാക്രമണം
ദോഹ: ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തെ സിവിൽ ഡിഫൻസ് പ്രതിരോധിച്ചു. ഇന്നലെ രണ്ടുതവണയാണ് മിസൈൽ ആക്രമണ ശ്രമം ഉണ്ടായത്. പുലർച്ചെ 3.30ഓടെ ദേശീയ സുരക്ഷ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ വലിയ ശബ്ദത്തോടെയാണ് ആക്രമണ ശ്രമമുണ്ടായത്. പിന്നീട് 5.45ഓടെ രണ്ടാമത്തെ ആക്രമണമുണ്ടായി. അതേസമയം, മിസൈൽ ആക്രണം പ്രതിരാധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. സുരക്ഷ വിഭാഗവും സിവിൽ ഡിഫൻസ് സംഘങ്ങളും ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.