വാഷിങ്ടൺ: അമേരിക്കയിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി ട്രംപിന്‍റെ പുതിയ നീക്കം. സർക്കാർ സഹായത്തെ ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകർക്ക് ഗ്രീൻ കാർഡ് നിഷേധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന വിവാദമായ പബ്ലിക് ചാർജ് നിയമം ട്രംപ് ഭരണകൂടം വീണ്ടും നടപ്പാക്കാൻ ഒരുങ്ങുകയാണ്. വിദേശികൾക്ക് സ്ഥിരതാമസാനുമതി നൽകുന്ന തിരിച്ചറിയൽ രേഖയായ ഗ്രീൻ കാർഡ് നൽകുന്നതിന് മുന്നോടിയായി ഇത്തരത്തിൽ ഗ്രീൻ കാർഡ് ലഭിക്കുന്ന വിദേശികൾ ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കുമോ എന്ന് പരിശോധിക്കുന്ന രീതിയാണ് പബ്ലിക് ചാർജ്.
ജൂലൈ 20-ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന ഈ നിയമം സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വരും. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവർ രാജ്യത്തിന് സാമ്പത്തിക ബാധ്യതയാകില്ലെന്ന് തെളിയിക്കണമെന്നതാണ് പ്രധാനമായും നിയമത്തിലുള്ളത്. നിലവിലുള്ള ഫെഡറൽ നിയമങ്ങൾ പ്രകാരം അപേക്ഷകർ സാമ്പത്തിക ഭദ്രത തെളിയിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിയമം അയോഗ്യത കൽപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ വിപുലമാക്കിയിട്ടുണ്ട്.
മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പ്, ഹൗസിംഗ് വൗച്ചറുകൾ തുടങ്ങിയ നിർദ്ദിഷ്ട ആനുകൂല്യങ്ങളെക്കുറിച്ച് നിയമത്തിൽ പരാമർശമില്ല. പകരം, ഓരോ അപേക്ഷകന്റെയും സാഹചര്യങ്ങൾ പരിശോധിച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാം. അപേക്ഷകർ ഭാവിയിൽ സർക്കാർ സഹായത്തെ ആശ്രയിക്കാൻ സാധ്യതയുണ്ടോ എന്ന് ഉദ്യോഗസ്ഥർക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കാം. അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ചുള്ള ആശ്രിതത്വം അവസാനിപ്പിക്കാനാണ് ഈ നടപടിയെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കി. കുടിയേറ്റക്കാർ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകണമെന്ന തത്വമാണ് ഇതിലൂടെ പുനഃസ്ഥാപിക്കുന്നതെന്നും ഏജൻസി കൂട്ടിച്ചേർത്തു.
അമേരിക്കയിൽ തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിനായി ആശ്രയിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. വിസ നടപടികളിൽ താമസം നേരിടുന്നവർക്ക് പുതിയ നടപടി വെല്ലുവിളിയാകും. 22019ൽ ട്രംപ് അധികാരത്തിൽ വന്നതോടെയാണ് ഈ നിയമം കൊണ്ടുവന്നത്. ഈ തീരുമാനത്തിനെതിരെ കുടിയേറ്റ അവകാശ പ്രവർത്തകർ രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടികളുടെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്. ആയിരക്കണക്കിന് ഇന്ത്യൻ വംശജരെയും ഈ പുതിയ നിയമം ബാധിച്ചേക്കാം. അപേക്ഷകരുടെ സാമ്പത്തിക സാഹചര്യവും അവർ ഏത് വിഭാഗത്തിൽപ്പെട്ടവരാണ് എന്നതും അനുസരിച്ചായിരിക്കും ഇതിന്റെ ആഘാതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.