മെക്സിക്കോ സിറ്റി: മെക്സിക്കയിലെ ചിയാപാസ് തീരത്ത് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ശക്തമായ ഭൂചലനത്തെത്തുടർന്ന് പസഫിക് തീരത്തെ വിവിധ രാജ്യങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകി. യുഎസ് സുനാമി വാണിംഗ് സിസ്റ്റത്തിന്റെ കണക്കുകൾ പ്രകാരം, മെക്സിക്കോയുടെയും ഗ്വാട്ടിമാലയുടെയും സമീപ തീരങ്ങളിൽ 0.3 മുതൽ 1 മീറ്റർ വരെ ഉയരമുള്ള അപകടകരമായ സുനാമി തിരമാലകൾ ഉണ്ടായേക്കാം.
കൊളംബിയ, കോസ്റ്റാറിക്ക, ഇക്വഡോർ, എൽ സാൽവഡോർ, നിക്കരാഗ്വ, പനാമ, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളുടെ തീരങ്ങളിൽ 0.3 മീറ്ററിൽ താഴെ മാത്രം ഉയരമുള്ള തിരമാലകൾക്കാണ് സാധ്യതയുള്ളത്. മെക്സിക്കോയിലെ പുവേർട്ടോ മഡേറോ എന്ന മത്സ്യബന്ധന ഗ്രാമത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 15.2 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഭൂചലനത്തെത്തുടർന്ന് തെക്കൻ മെക്സിക്കൻ സംസ്ഥാനമായ ഒക്സാക്കയിൽ ഇടത്തരം തീവ്രതയുള്ള പ്രകമ്പനം അനുഭവപ്പെട്ടതായി ഗവർണർ സലോമൺ ജാര ക്രൂസ് അറിയിച്ചു. നിലവിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ഭൂചലനം അനുഭവപ്പെട്ടു. ഗ്വാട്ടിമാല സിറ്റിയിൽ കെട്ടിടങ്ങൾ കുലുങ്ങിയതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.
തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ-പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സുനാമി മുന്നറിയിപ്പ് കേന്ദ്രം നിർദ്ദേശിച്ചു. ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.