ന്യൂയോർക്ക്: ഇറാനുമേൽ ഉപരോധം വീണ്ടും ഏർപ്പെടുത്തുന്നത് വൈകിപ്പിക്കാനുള്ള ചൈനയുടേയും റഷ്യയുടേയും നീക്കങ്ങൾക്ക് തിരിച്ചടി. ഇറാനുമായി കരാർ ഉണ്ടാക്കുന്നതിൽ പാശ്ചാത്യരാജ്യങ്ങൾ പരാജയപ്പെട്ടതോടെയാണ് ചൈനയുടേയും റഷ്യയുടേയും നീക്കങ്ങൾക്ക് യു.എൻ സെക്യൂരിറ്റി കൗൺസിലിൽ തിരിച്ചടിയേറ്റത്.
വെള്ളിയാഴ്ചയാണ് റഷ്യയും ചൈനയും ചേർന്ന് ഇറാന് അനുകൂലമായി പ്രമേയം രക്ഷാസമിതിയിൽ കൊണ്ടുവന്നത്. എന്നാൽ, രാജ്യങ്ങളിൽ നിന്ന് ഇതിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. യുറോപ്യൻ രാജ്യങ്ങളും യു.എസും ഇക്കാര്യത്തിൽ രണ്ട് തവണ ചിന്തിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. ചർച്ചകളിലൂടേയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കുന്നതിന് പകരം ഭീഷണിയിലൂടെ ഇതിന് പരിഹാരം കണ്ടെത്താനാണ് അവർ ശ്രമിക്കുന്നതെന്ന് റഷ്യൻ അംബാസഡർ ദിമിത്രി പോളിയാൻസ്കി വിമർശിച്ചു.
ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് ബ്രിട്ടനും ഫ്രാൻസും ജർമനിയുമാണ് തുടക്കം കുറിച്ചത്. ഇറാന്റെ വിദേശത്തുള്ള ആസ്തികൾ മരവിപ്പിക്കുക, ആയുധകരാർ റദ്ദാക്കുക, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് പിഴ ചുമത്തുക തുടങ്ങിയ നടപടികളാണ് പാശ്ചാത്യരാജ്യങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇത് ഇറാൻ സമ്പദ്‍വ്യവസ്ഥയിൽ ഗുരുതര പ്രത്യാഘതങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഉപരോധത്തിനെതിരെ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ പറഞ്ഞു.
ചൈന, റഷ്യ, പാകിസ്താൻ, അൾജീരിയ തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ചർച്ചകൾക്ക് ഇറാന് കൂടുതൽ സമയം നൽകണമെന്ന നിലപാടെടുത്തത്. തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് ചർച്ചകൾ പരാജയപ്പെട്ടതെന്ന് പാശ്ചാത്യ രാജ്യങ്ങൾ അറിയിച്ചു. അതേസമയം, ആണവനിർവ്യാപന ഉടമ്പടിയിൽ നിന്നും പിന്മാറില്ലെന്ന് ഇറാൻ അറിയിച്ചു. കരാറിൽ നിന്ന് പിന്മാറാൻ തങ്ങൾക്ക് ഒരു ഉദ്ദേശവുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.