തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന്റെ ഏറ്റവും വലിയ ‘ആയുധ’ങ്ങളിലൊന്ന് ഹുർമുസ് ഇടനാഴിയിലെ അവരുടെ നിയന്ത്രണമാണ്. യു.എസും ഇസ്രായേലും ആക്രമണം തുടങ്ങിയപ്പോൾ ഇറാന്റെ പ്രത്യാക്രമണങ്ങളിലൊന്ന് ഹുർമുസ് അടയ്ക്കുക എന്നതായിരുന്നു. അതുവഴി കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണവും തുടങ്ങി. ഇതോടെ, ലോകത്തിന്റെ എണ്ണക്കപ്പൽ ഗതാഗതംതന്നെയും അവതാളത്തിലായി. ലോകത്തെ എണ്ണക്കപ്പൽ ഗതാഗതത്തിന്റെ 20 ശതമാനവും ഹുർമുസ് വഴിയാണ്. ഇറാന് ഹുർമുസിനുമേൽ നിയന്ത്രണമുള്ളിടത്തോളം ഇത് അപകടമാണെന്ന് തിരിച്ചറിഞ്ഞ യു.എസ് ഇപ്പോൾ ഈ ഇടനാഴി പിടിച്ചെടുക്കാനുള്ള പുറപ്പാടിലാണ്. ഹുർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കൽ യു.എസ് നാവികസേന അകമ്പടി സേവിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് അതാണ്.
നേരത്തേ, ഇതുസംബന്ധിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. സംയുക്ത സേനയുടെ നാവിക പടയെ ഹുർമുസിൽ വിന്യസിക്കാനാണ് യു.എസിന്റെ നീക്കം. കപ്പലുകൾക്ക് സുരക്ഷയൊരുക്കുക എന്ന് പ്രഖ്യാപിച്ച് മേഖലയിൽ പ്രവേശിച്ച് ഭാവിയിൽ ഇടനാഴിയുടെ നിയന്ത്രണം പൂർണമായും വരുതിയിലാക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, യു.എസ് അത്തരമൊരു തീരുമാനം എടുക്കുംമുമ്പ് 1987ലെ ആക്രമണവും അടുത്തിടെയുണ്ടായ സംഭവങ്ങളും ഓർമിക്കുന്നത് നന്നാവുമെന്നും ഇറാനിയൻ സേന മുന്നറിയിപ്പ് നൽകി. ‘‘അകമ്പടി നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അകമ്പടിക്ക് ഇറങ്ങും മുമ്പ് യു.എസ് സൂപ്പർ ടാങ്കറായ ബ്രിഡ്ജടൺ 1987 കത്തിച്ചതും അടുത്തിടെ ഞങ്ങൾ ലക്ഷ്യമിട്ട എണ്ണ ടാങ്കറുകളും അമേരിക്കക്കാർ ഓർക്കുന്നത് നന്നാവുമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു’’ -ഇറാന്റെ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് പറഞ്ഞപ്പോൾ അതനുസരിച്ച ഇന്ത്യ മികച്ച പങ്കാളിയാണെന്ന് യു.എസ്. അതിനാലാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ താൽക്കാലിക ഇളവ് വരുത്തുന്നതെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്. ആഗോള എണ്ണ വിതരണത്തിൽ ഹ്രസ്വകാല തടസ്സങ്ങൾ ഒഴിവാക്കുന്നതിനാണ് 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകിയതെന്നും ബെസ്സെന്റ് പറഞ്ഞു. നിരോധനംമൂലം ഇപ്പോൾ നൂറുകണക്കിന് ദശലക്ഷം ബാരൽ റഷ്യൻ അസംസ്‌കൃത എണ്ണക്കപ്പലുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. ആവശ്യക്കാരിലേക്ക് അതെത്താൻ അനുവദിക്കുന്നത് ആഗോള വിതരണം വർധിപ്പിക്കും. ഇന്ത്യ വളരെ നല്ല പങ്കാളിയാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ അവരോട് ആവശ്യപ്പെട്ടിരുന്നു. അവരത് ചെയ്തു. അവർ പകരം യു.എസ് എണ്ണ വാങ്ങാൻ തീരുമാനിച്ചിരുന്നു. എണ്ണയുടെ താൽക്കാലികക്ഷാമം കണക്കിലെടുത്ത് റഷ്യൻ എണ്ണ വാങ്ങാൻ ഞങ്ങൾ അനുമതി നൽകിയിട്ടുണ്ട് -ബെസ്സെന്റ് കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക അനുമതി നൽകിയെന്ന യു.എസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനയിൽ സർക്കാറിനെതിരെ വിമർശനം ശക്തമാക്കി കോൺഗ്രസ്. ഭീരുത്വംകൊണ്ടുള്ള അടിയറവാണിതെന്ന് വ്യക്തമായെന്ന് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അഭിപ്രായപ്പെട്ടു. ഇടക്കുവെച്ച് യാത്ര മുടങ്ങിയ കപ്പലുകളിലെ എണ്ണയാണ് ഇന്ധന വിതരണത്തിലെ തടസ്സം മറികടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വിതരണം ചെയ്യാൻ അനുമതി നൽകിയതെന്നാണ് ട്രഷറി സെക്രട്ടറി സ്‍കോട്ട് ബെസെന്റ് പ്രസ്താവിച്ചത്. ട്രംപിന്‍റെ ഉത്തരവ് അതേപടി വിശ്വസ്തതയോടെ അനുസരിക്കുന്ന മോദിക്കുള്ള സർട്ടിഫിക്കറ്റാണ് അമേരിക്കൻ അനുമതിയെന്ന് ജയ്‌റാം രമേശ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 30 ദിവസത്തേക്ക് അമേരിക്ക ഇളവ് പ്രഖ്യാപിച്ചത് മോദിക്ക് കീഴിൽ ഇന്ത്യയുടെ ഇന്ധന നയതന്ത്രത്തിന്‍റെ വിജയമാണെന്നും, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മുഖത്തേറ്റ പ്രഹരമാണെന്നുമാണ് ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.