യുദ്ധത്തിൽ ഇറാന് റഷ്യൻ സഹായം; അമേരിക്കൻ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകി

വാഷിങ്ടൺ: യു.എസും ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇറാന് റഷ്യൻ സഹായം. യു.എസ് യുദ്ധക്കപ്പലുകൾ, എയർക്രാഫ്റ്റ് മേഖലയിലുള്ള മറ്റ് ആസ്തികൾ എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ റഷ്യ ഇറാന് കൈമാറിയെന്നാണ് റിപ്പോർട്ട്. യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് വ്യക്തമാക്കി. റഷ്യയാണ് മുന്നോട്ട് പോകുന്നതിനുള്ള നിർദേശങ്ങൾ ഇറാന് നൽകുന്നത്.

ഇതാദ്യമായാണ് റഷ്യ യുദ്ധത്തിൽ ഇടപ്പെട്ടുവെന്നതിന് നേരിട്ടുള്ള തെളിവുകൾ ലഭിക്കുന്നത്. ഇറാനൊപ്പം മിഡിൽ ഈസ്റ്റിൽ ഹിസ്ബുല്ല, ഹൂതികൾ, ഹമാസ് എന്നീ സംഘടനകളുമായി റഷ്യക്ക് സൗഹൃദബന്ധമുണ്ട്. മിലിറ്ററി വിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്നാണ് യു.എസ് കണ്ടെത്തൽ. യുദ്ധത്തിൽ റഷ്യൻ ഇടപെടലിനെ കുറിച്ചുള്ള സൂചനകൾ കരോളീന ലാവിറ്റ് നൽകിയിരുന്നു.

ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം വക്താവ്

ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രായേൽ യു.എസ് സംയുക്തസേന. തലസ്ഥാനമായ തെഹ്റാനിലെ നിലൗഫറിലാണ് ആക്രമണം നടന്നത്. ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മായേൽ ബഗായിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. ഷാഹിദ് ഹമദേനി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള സ്കൂളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് നാലാമത്തെ സ്കൂളിന് നേരെയാണ് ഇറാനിൽ ആക്രമണം നടക്കുന്നത്.

മിനാബിലെ ഷാർജ തയ്യിബ് ഗേൾസ് സ്കൂളിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്. ആക്രമണത്തിൽ 160 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് മരിച്ചത്. വ്യാഴാഴ്ച തെഹ്റാന് തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രണ്ട് സ്കുളുകളിൽ യു.എസ്-ഇസ്രായേൽ സംയുക്തസേന ആക്രമണം നടത്തി. ഇതുവരെ ഇറാനിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 1300 പേരിൽ 186 ആളുകളും കുട്ടികളാണെന്നാണ് യുനിസെഫ് പറയുന്നത്.

Tags:    
News Summary - Russian aid to Iran in war; provided information on American bases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.