തെഹ്റാൻ: അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് അറിയിച്ച് ഇറാൻ. പ്രസിഡന്റ് മസൂദ് പെസഷ്‍കിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയൽരാജ്യങ്ങളിൽ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങൾ ഉണ്ടാവരുതെന്നും പെസഷ്‍കിയാൻ വ്യക്തമാക്കി. ഇത്തരത്തിൽ അയൽ രാജ്യങ്ങളിൽ നിന്ന് ഇറാനെ ആക്രമിച്ചാൽ അതിന് തിരിച്ചടിയുണ്ടാവുമെന്ന സൂചനയും പെസഷ്‍കിയാൻ നൽകി. അയൽരാജ്യങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
കൊളോണിയൽ ധാർഷ്ട്യത്തിന് മുന്നിൽ കീഴടങ്ങില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. ഭിന്നതകൾ മാറ്റിവെച്ച് അവസാനശ്വാസം വരെ ഇറാനികൾ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പെസഷ്‍കിയാന്റെ പരാമർശം.
ന്യൂഡൽഹി: ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ആക്രമണം നടത്തി യു.എസ്- ഇസ്രായേൽ സംയുക്തസേന. തലസ്ഥാനമായ തെഹ്റാനിലെ നിലൗഫറിലാണ് ആക്രമണം നടന്നത്. ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മായേൽ ബഗായിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. ഷാഹിദ് ഹമദേനി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള സ്കൂളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് നാലാമത്തെ സ്കൂളിന് നേരെയാണ് ഇറാനിൽ ആക്രമണം നടക്കുന്നത്.
മിനാബിലെ ഷാർജ തയ്യിബ് ഗേൾസ് സ്കൂളിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്. ആക്രമണത്തിൽ 160 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് മരിച്ചത്. വ്യാഴാഴ്ച തെഹ്റാന് തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രണ്ട് സ്കുളുകളിൽ യു.എസ്-ഇസ്രായേൽ സംയുക്തസേന ആക്രമണം നടത്തി. ഇതുവരെ ഇറാനിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 1300 പേരിൽ 186 ആളുകളും കുട്ടികളാണെന്നാണ് യുനിസെഫ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.