വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ ജനറൽ അസംബ്ലി വീണ്ടും പ്രമേയം പാസാക്കി. 193 അംഗ യു.എൻ ജനറൽ അസംബ്ലിയിലാണ് വെടിനിർത്തൽ പ്രമേയം പാസായത്. 153 രാജ്യങ്ങളാണ് വെടിനിർത്തലിന് വേണ്ടിയുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇസ്രായേലും യു.എസും ഉൾപ്പടെ 10 അംഗങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചാണ് ഇക്കുറി വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എന്നിൽ പ്രമേയം വന്നപ്പോൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഇന്ത്യ ചെയ്തത്.വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ പ്രമേയത്തെ ഹമാസും സ്വാഗതം ചെയ്തു. ഹമാസിന്റെ മുതിർന്ന നേതാവായ ഇസാത് അൽ-റെഷിഖാണ് പ്രമേയത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഇസ്രായേൽ തങ്ങളുടെ ജനങ്ങൾക്കെതിരായ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുന്ന ഇസ്രായേലിനെതിരെ വിമർശനവുമായി അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗസ്സയിൽ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്രായേലിന്റെ പിന്തുണ നഷ്ടപ്പെടാൻ തുടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. തീവ്രചിന്താഗതിയുള്ള സർക്കാറിനെ ബിന്യമിൻ നെതന്യാഹു മാറ്റേണ്ടതുണ്ടെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
അമേരിക്ക തങ്ങൾക്കൊപ്പമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചതിനു പിന്നാലെയാണ്, വാഷിങ്ടണിൽ നടന്ന ധനസമാഹരണ പരിപാടിയിൽ ബൈഡന്റെ പ്രസ്താവന. ഗസ്സയിൽ വെടിനിർത്തലിന് അന്താരാഷ്ട്രതലത്തിൽ ആവശ്യമുയരവെ, കൂടുതൽ ഒറ്റപ്പെടുന്ന സ്ഥിതി ആയതോടെയാണ് നയംമാറുന്ന സൂചന നൽകി യു.എസ് പ്രസിഡന്റിന്റെ പരാമർശം.
എന്നാൽ, ഉടനൊന്നും യുദ്ധം അവസാനിപ്പിക്കാൻ തയാറല്ലെന്നാണ് ഇസ്രായേൽ പറയുന്നത്. വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേ, യുദ്ധം എന്ന് അവസാനിക്കുമെന്ന് കൃത്യമായി പറയാൻ ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് തയാറായില്ല. നിലവിലെ കരയുദ്ധവും വ്യോമാക്രമണവും ആഴ്ചകൾ തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്നുള്ള സൈനിക നടപടികൾ മാസങ്ങളോളം തുടർന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിെന്റ അടുത്തഘട്ടം തീവ്രത കുറഞ്ഞ രീതിയിൽ പ്രധാന ചെറുത്തുനിൽപ് കേന്ദ്രങ്ങളിൽ മാത്രമായി ചുരുക്കും.
ഗസ്സയുടെ സുരക്ഷ നിയന്ത്രണം അനിശ്ചിതമായി ഇസ്രായേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.