ഗസ്സ സിറ്റി: ഒക്ടോബർ ഏഴുമുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 18,205 ഫലസ്തീനികളെന്ന് ഗസ്സയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 208 ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഗസ്സ മുനമ്പിലെ ആശുപത്രികളിലേക്ക് മാറ്റിയതെന്നും മന്ത്രാലയ വക്താവ് അഷ്റഫ് അൽ-ഖേദ്ര തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹമാസിന്റെ തിരിച്ചടിയിൽ ഇതുവരെ 1,147 ഇസ്രായേലികളും കൊല്ലപ്പെട്ടു.
അതേസമയം, ഇസ്രയേലിന്റെ മനുഷ്യകുരുതിക്ക് ശമനമില്ലത്തതിനാൽ ഗസ്സയിലെ ഫലസ്തീനികൾ കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നതെന്ന് യു.എൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് വലിയൊരു ദുരന്തത്തിലേക്ക് ജനതയെ എത്തിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈജിപ്തിലെ റഫ അതിർത്തി വഴി മാത്രമാണ് ഗസ്സയിലേക്ക് നിലവിൽ സാധനങ്ങൾ എത്തിക്കാൻ അനുവദിക്കുന്നത്. അതും ഇസ്രയേൽ സൈന്യത്തിെൻറ കടുത്ത പരിശോധനകൾ പൂർത്തിയാക്കി വേണം ഗസ്സയിലേത്താൻ.
എന്നാൽ, തെക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യം കനത്ത ബോംബാക്രമണം തുടരുകായണ്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഗസ്സ സിറ്റി, വടക്കൻ ഗസ്സ, ഖാൻ യൂനിസ്, ജബലിയ തുടങ്ങിയ ഭാഗങ്ങളിൽ ഹമാസും ഇസ്രായേൽ സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടതിനാൽ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.
ഗസ്സയിൽ കനത്ത പോരാട്ടം നടക്കുന്നതിനിടെ വാക്പോരും വെല്ലുവിളിയുമായി ഹമാസും ഇസ്രായേലും ഏറ്റുമുട്ടുന്നുമുണ്ട്. യഹ്യ സിൻവാറിനുവേണ്ടി മരിക്കാൻ നിൽക്കാതെ കീഴടങ്ങുന്നതാണ് നല്ലതെന്നും ഹമാസിന്റെ അവസാനത്തിന്റെ തുടക്കമായെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞപ്പോൾ ഇസ്രായേലിന് ശക്തമായ തിരിച്ചടി നൽകുന്നുണ്ടെന്നും അധിനിവേശത്തിന്റെ അവസാനം ആരംഭിച്ചതായും ഹമാസിന്റെ മുതിർന്ന നേതാവ് മറുപടി നൽകി. ബലപ്രയോഗത്തിലൂടെ ഒറ്റ ബന്ദിയെയും ജീവനോടെ തിരികെ കൊണ്ടുപോകാൻ ഇസ്രായേലിന് കഴിയില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.