ജനീവ: യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് മധ്യസ്ഥതയിൽ നടന്ന മൂന്നാമത്തെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. അധിനിവേശവും യുദ്ധവും നാലാം വർഷത്തിലേക്ക് കടക്കാനിരിക്കേ ചർച്ച ബുദ്ധിമുട്ടേറിയതാണെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്. യു.എസ് സംഘടിപ്പിച്ച നേരിട്ടുള്ള മൂന്നാം ചർച്ചയാണ് ജനീവയിൽ നടന്നത്.
ക്രിയാത്മകമെന്ന് വിശേഷിപ്പിച്ചെങ്കിലും ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ചർച്ചകൾ എളുപ്പമായിരുന്നില്ലെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു. ചർച്ച സംഘവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. അധിനിവേശം തുടരുന്നതിനിടെ റഷ്യ ചർച്ച നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നെന്ന് അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു. ചർച്ച എളുപ്പമായിരുന്നില്ലെന്ന് റഷ്യൻ പ്രതിനിധി സംഘത്തിന്റെ തലവനായ പുടിന്റെ ഉപദേഷ്ടാവ് വ്ലാദിമിർ മെദിൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വീണ്ടും ചർച്ച നടക്കുമെന്ന് ഇരുപക്ഷവും പറഞ്ഞു.
ചൊവ്വാഴ്ച ആദ്യ ദിവസത്തെ ചർച്ച അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷം തെക്കൻ യുക്രെയ്ൻ നഗരമായ സപോരിഷിയയിൽ റഷ്യൻ ഡ്രോണാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ആറു വയസ്സുള്ള പെൺകുട്ടിക്കും 18 മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു. ഒറ്റരാത്രിയിൽ റഷ്യബാലിസ്റ്റിക് മിസൈലും 126 ദീർഘദൂര ഡ്രോണുകളും വിക്ഷേപിച്ചതായി യുക്രേനിയൻ വ്യോമസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.