അഭിജിത് ബാനർജിയും എസ്തർ ദഫ്ലോയും


ട്രംപിന്റെ ഞെരുക്കൽ; നൊബേൽ ജേതാക്കളായ സാമ്പത്തിക വിദഗ്ധർ അമേരിക്ക വിടുന്നു

വാഷിങ്ടൺ: അക്കാദമിക ​മേഖലക്കു നേരെയുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുംവെട്ടിന്റെ പരിണിത ഫലങ്ങൾ പ്രത്യക്ഷമാവുന്നു. നേബേൽ ജേതാക്കളായ അഭിജിത് ബാനർജിയും എസ്തർ ദഫ്ലോയും വിഖ്യാതമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) വിടാൻ തീരുമാനിച്ചു. പകരം സ്വിറ്റ്സർലാൻഡിലെ സൂറിച്ച് സർവകലാശാലയിൽ (യു.ഇ.ഇസഡ്.എച്ച്) ചേരുമെന്ന് സ്വിസ് സർവകലാശാല അധികൃതർ പ്രഖ്യാപിച്ചു. അടുത്ത വർഷം ജൂലൈയിൽ അവർ യു.ഇ.ഇസഡ്.എച്ച് ബിസിനസ്-ഇക്കണോമിക്സ്-ഇൻഫോർമാറ്റിക്സ് ഫാക്കൽറ്റിയിൽ ചേരും.

ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക പഠനത്തിന് മൈക്കൽ ക്രെമറിനൊപ്പം 2019ൽ ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിയും ദഫ്ലോയും സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ നേടിയിരുന്നു. യു.എസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം ഡൊണാൾഡ് ട്രംപ് ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിന്റെ പശ്ചാത്തലത്തിലാണ് ബാനർജിയുടെയും ദഫ്ലോയുടെയും തീരുമാനം. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാനും പൊതുപരിപാടികളിൽ സർവകലാശാലാ നേതാക്കളുടെ അഭിപ്രായങ്ങൾ നിയന്ത്രിക്കാനുമുള്ള നിർദേശം അംഗീകരിക്കാൻ ട്രംപ് ഭരണകൂടം യു.എസിലെ മുൻനിര സർവകലാശാലകൾക്കുമേൽ സമ്മർദം ചെലുത്തിവരികയാണ്.

സർവകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം മൊത്തം വിദ്യാർഥികളുടെ 15 ശതമാനമായും പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 5 ശതമാനമായും പരിമിതപ്പെടുത്താൻ ട്രംപ് ലക്ഷ്യമിടുന്നു. യു.എസിനോട് ശത്രുത കാണിക്കുന്ന ഏതെങ്കിലും വിദേശ വിദ്യാർഥിയെക്കുറിച്ച് സർവകലാശാലകൾ സർക്കാറിനെ അറിയിക്കണം. കാമ്പസ് പ്രതിഷേധങ്ങൾ തടയുകയും യാഥാസ്ഥിതിക ആശയങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യണമെന്നും ഭരണകൂടം നിർദേശിക്കുന്നു. ഈ വ്യവസ്ഥകൾ ലംഘിക്കുന്നപക്ഷം സർവകലാശാലകൾ അവരുടെ ഫെഡറൽ ഫണ്ടുകളും സ്വകാര്യ സംഭാവനകളും ഗുണഭോക്താക്കൾക്ക് തിരികെ നൽകേണ്ടിവരും. എന്നാൽ, സ്ഥാപനത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുമെന്ന് പറഞ്ഞുകൊണ്ട് എം.ഐ.ടി ഈ നിർദേശം നിരസിച്ചിട്ടുണ്ട്.

ലെമാൻ ഫൗണ്ടേഷൻ ധനസഹായം നൽകുന്ന എൻഡോവ്ഡ് പ്രൊഫസർഷിപ്പ് ദഫ്ലോയും ബാനർജിയും ഏറ്റെടുക്കുമെന്നും വികസന സാമ്പത്തിക ശാസ്ത്രത്തെയും വിദ്യാഭ്യാസം, ദാരിദ്ര്യം, ആരോഗ്യം എന്നിവയിലെ നയപരമായ നടപടികളുടെയും ഇടപെടലുകളുടെയും സ്വാധീനത്തെയും കുറിച്ചുള്ള ഗവേഷണം തുടരുമെന്നും യു.ഇസഡ്.എച്ച് പ്രസ്താവനയിൽ പറഞ്ഞു. അവർ എം.ഐ.ടിയിൽ പാർട്ട് ടൈം സ്ഥാനങ്ങൾ നിലനിർത്തുമെന്നും അതിൽ പറയുന്നു.

Tags:    
News Summary - Trump's squeeze; Nobel laureate economists leave the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.