‘ചൂതാട്ടക്കാരനായ ട്രംപ്, നിങ്ങൾക്ക് യുദ്ധം ആരംഭിക്കാം, പക്ഷേ ഞങ്ങൾ ആയിരിക്കും ഇത് അവസാനിപ്പിക്കുന്നത്’, അമേരിക്കക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ഇറാൻ

​തെഹ്റാൻ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കു നേരെ നടന്ന യു.എസ് ആക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് ആവർത്തിച്ച് ഇറാൻ. ‘ചൂതാട്ടക്കാരനായ ട്രംപ്, നിങ്ങൾക്ക് ഈ യുദ്ധം ആരംഭിക്കാം, പക്ഷേ ഞങ്ങൾ ആയിരിക്കും ഇത് അവസാനിപ്പിക്കുന്നത്’, യു.എസ് പ്രസിഡന്റ് ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ സൈനിക നടപടികളുടെ വക്താവായ ഇബ്രാഹിം സോൾഫാഗാരി പറഞ്ഞു. തിങ്കളാഴ്ച നടത്തിയ തന്റെ ടെലിവിഷൻ പ്രസ്താവനയിലാണ് അമേരിക്കക്കെതിരെ സോൾഫാഗാരി ആഞ്ഞടിച്ചത്.

യു.എസിന്റെ ആക്രമണങ്ങൾ ‘മരിച്ചുകൊണ്ടിരുന്ന സയണിസ്റ്റ് ഭരണകൂടത്തെ പുനരുജ്ജീവിപ്പിക്കാൻ’ ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ സായുധ സേനയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് ആയ അബ്ദുൾറഹിം മൗസവിയും തിങ്കളാഴ്ച അമേരിക്കക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നു. ഇറാൻ ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ ആക്രമിക്കുക വഴി ഇറാന്റെ പരമാധികാരം യു.എസ് ലംഘിച്ചുവെന്നും അവർ വ്യക്തമായും നേരിട്ടും യുദ്ധത്തിൽ പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്‍ലാമിന്റെ പോരാളികളുടെ കൈകൾക്ക് ഏത് നടപടിയും സ്വീകരിക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഈ കാര്യത്തിൽ തങ്ങൾ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന് നേരെ ആന്റി-ഫോർട്ടിഫിക്കേഷൻ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡസൻ കണക്കിന് വൺ-വേ ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ സൈന്യം തിങ്കളാഴ്ച അറിയിച്ചു. പുലർച്ചെ മുതൽ തൊടുത്ത പ്രൊജക്‌ടൈലുകളിൽ ഭൂരിഭാഗവും വിജയകരമായി ലക്ഷ്യത്തിലെത്തിയതായും അവർ അവകാശപ്പെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പ് തന്നെ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങാൻ തുടങ്ങി, തെക്കൻ ഇസ്രായേലിലെ അഷ്‌ദോദ് പ്രദേശവും ജറുസലേമിന് തെക്ക് ലാച്ചിഷ് പ്രദേശവും ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വലിയ തോതിൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 

Tags:    
News Summary - 'Gambler Trump, you can start this war, but we will end it': Iran warns US again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.