ജറുസലേം: ഇറാന്റെ പ്രത്യാക്രമണം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ കൈവെടിഞ്ഞ് അമേരിക്ക. ഇസ്രായേലിൽനിന്ന് ഒഴിപ്പിക്കുന്ന കാര്യത്തിൽ സഹായിക്കാനാകില്ലെന്ന് ഇസ്രായേലിലെ യു.എസ് എംബസി പൗരന്മാരെ അറിയിച്ചു. സഹായിക്കാൻ കഴിയുന്ന അവസ്ഥയിലല്ല തങ്ങളെന്നും ഇസ്രായേലിന്റെ ടൂറിസം മന്ത്രാലയം ഈജിപ്തിലെ തബ അതിർത്തിയിലേക്ക് നടത്തുന്ന ബസുകൾ ആശ്രയിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സുരക്ഷാ മുന്നറിയിപ്പിൽ പറയുന്നു.
"ബസ് സർവിസ് പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നവർക്ക് സുരക്ഷ ഉറപ്പ് നൽകാൻ യു.എസ് സർക്കാരിന് കഴിയില്ല. ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാം എന്ന നിലയിലാണ് ഈ വിവരങ്ങൾ നൽകുന്നത്’ -എംബസി പറഞ്ഞു. ഈജിപ്ത് അതിർത്തിയിലേക്ക് പോകുന്ന ബസുകളിൽ കയറാൻ ടൂറിസം മന്ത്രാലയത്തിൽ ഫോം വഴി രജിസ്റ്റർ ചെയ്യണമെന്നും അറിയിപ്പിൽ പറഞ്ഞു.
മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് ഇസ്രായേലിലുള്ള എല്ലാ യുഎസ് ഗവൺമെന്റ് ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും വീടുകളിൽ തന്നെ തുടരാൻ എംബസി ഉത്തരവിട്ടു. നിലവിലെ സാഹചര്യത്തിൽ പൗരന്മാരെ നേരിട്ട് ഒഴിപ്പിക്കാനോ യാത്രാ സഹായങ്ങൾ നൽകാനോ എംബസിക്ക് സാധിക്കില്ലെന്ന് അറിയിപ്പിൽ പറയുന്നു. ഇസ്രായേലിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ വളരെ പരിമിതമായ മാർഗങ്ങൾ മാത്രമാണുള്ളത്. തെഅവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം എപ്പോൾ സാധാരണ നിലയിലാകുമെന്ന് വ്യക്തമല്ലാത്തതിനാൽ, മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇസ്രായേൽ ടൂറിസം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ഷട്ടിൽ ബസ് സർവീസുകൾ പ്രയോജനപ്പെടുത്താം.
ജോർഡൻ വഴിയുള്ള യാത്ര നിലവിൽ സുരക്ഷിതമല്ലാത്തതിനാൽ, ഈജിപ്തിലെ തബ അതിർത്തി വഴി യാത്ര ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് എംബസി ചൂണ്ടിക്കാട്ടുന്നു. തബ അതിർത്തി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഈ ബസുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ടൂറിസം മന്ത്രാലയത്തിന്റെ ഓൺലൈൻ ഫോം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. തബയിലെത്തിയ ശേഷം കെയ്‌റോ വഴി അമേരിക്കയിലേക്കുള്ള വിമാനങ്ങൾ ലഭ്യമായേക്കും.
റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾ ഏതുസമയത്തും ഉണ്ടായേക്കാമെന്നതിനാൽ പൗരന്മാർ തങ്ങളുടെ തൊട്ടടുത്തുള്ള ബോംബ് ഷെൽട്ടറുകളുടെ സ്ഥാനം മുൻകൂട്ടി അറിഞ്ഞിരിക്കണം. തത്സമയ സുരക്ഷാ മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി 'Home Front Command Red Alert' അല്ലെങ്കിൽ സമാനമായ ആപ്ലിക്കേഷനുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. വലിയ ജനക്കൂട്ടങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ, പോലീസ് സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും യുഎസ് എംബസി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.