ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ട സംഭവത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒ.ഐ.സി) പുലർത്തുന്ന നിശബ്ദതയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. മുസ്‌ലിം ലോകത്തെ ഒ.ഐ.സി വഞ്ചിച്ചിരിക്കുകയാണെന്നും ശനിയാഴ്ച ഇറാനെതിരെ നടന്ന യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ അവർ നിശബ്ദരായത് ലജ്ജാകരമാണെന്നും മെഹബൂബ പറഞ്ഞു. ചൊവ്വാഴ്ച എക്‌സിലൂടെയായിരുന്നു മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി കൂടിയായ മെഹബൂബയുടെ പ്രതികരണം.
ഇറാന്റെ പരമാധികാരത്തിന്മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന നഗ്നമായ കടന്നുകയറ്റത്തിൽ ഒ.ഐ.സി വെറും കാഴ്ചക്കാരായി നിൽക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഖാംനഈയുടെ രക്തസാക്ഷിത്വത്തിൽ മൗനം പാലിക്കുന്നതും, കുറ്റം ഇറാന്റെ മേൽ ചുമത്താൻ ശ്രമിക്കുന്നതും വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.
ഇറാനെതിരായ ധിക്കാരപരമായ ആക്രമണത്തെ അപലപിക്കുന്നതിന് പകരം, ഒ.ഐ.സി നിശബ്ദത പാലിക്കുന്നു. പരോക്ഷമായി ആക്രമണകാരികളെ പിന്തുണക്കുകയും ചെയ്യുന്നു. ഇത് മുസ്‌ലിം ലോകത്തിന്റെ കൂട്ടായ മനഃസാക്ഷിയെയും താൽപര്യങ്ങളെയും വഞ്ചിക്കുന്നതിന് തുല്യമാണ്. 'എപ്‌സ്റ്റീൻ ഗാങ്ങിന്റെ' പ്രവൃത്തികളെ പിന്തുണക്കുന്ന നിലപാടാണ് മുസ്‍ലിം രാജ്യങ്ങളുടെ ഈ കൂട്ടായ്മ സ്വീകരിക്കുന്നതെന്നും അവർ കുറിച്ചു.
ശനിയാഴ്ച പുലർച്ചെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി സ്വീകരിച്ച നിലപാടാണ് ഇപ്പോൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.