ഇറാൻ വിഷയത്തിൽ ഭിന്നതയില്ലെന്ന് ട്രംപ്; ചൈനീസ് സന്ദർശനത്തിൽ ഉറ്റുനോക്കി ലോകം

വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ ചൈനയുമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ ലഘൂകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടക്കാനിരിക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ വിഷയത്തിൽ ചൈനയുമായി വലിയ തർക്കങ്ങളില്ലെന്നും ചൈനീസ് നിലപാട് താരതമ്യേന തൃപ്തികരമാണെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രണ്ടു മാസത്തിലേറെയായി തുടരുന്ന ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ചൈന തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്ന് അമേരിക്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനെ സമ്മർദ്ദത്തിലാക്കണമെന്നതായിരുന്നു അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ, ബെയ്ജിങ്ങിലേക്ക് തിരിക്കും മുമ്പ് ഈ വിഷയത്തിലെ ഭിന്നതകൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.

‘ ഞങ്ങൾ ഇക്കാര്യത്തിൽ ദീർഘമായി സംസാരിക്കും. സത്യം പറഞ്ഞാൽ ഷി ജിൻപിങ്ങിന്റെ നിലപാടുകൾ ഗുണകരമാണ്. ചർച്ച ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്, എന്നാൽ ഇറാൻ അതിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. കാരണം ഇറാനെ ഞങ്ങൾ നിയന്ത്രിച്ചു കഴിഞ്ഞു’- ട്രംപ് അവകാശപ്പെട്ടു.

അതേസമയം, ഇറാൻ വിഷയത്തെക്കാൾ വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനും ഫെന്റനൈൽ പോലുള്ള മാരക മരുന്നുകളുടെ കടത്ത് തടയുന്നതിനും മുൻഗണന നൽകാനാണ് അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കം. ഇറാൻ വിഷയത്തിൽ ചൈനയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന വിലയിരുത്തലിലാണ് ട്രംപിന്റെ പുതിയ മനംമാറ്റം.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് ചൈന നൽകുന്ന പിന്തുണയും ഇറാനിയൻ എണ്ണയുടെ പ്രധാന വാങ്ങലുകാർ ചൈനയാണെന്നതും നേരത്തെ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ ട്രംപും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ആഗോള സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

Tags:    
News Summary - Trump Plays Down Iran Rift with China Ahead of Xi Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.