മുറിവേറ്റ സൈനികരുടെ എണ്ണം പെരുകുന്നു; ആശങ്കയിൽ ഇസ്രായേൽ

ജറൂസലം: ഗസ്സ യുദ്ധം ഇസ്രായേലിന് തീരാബാധ്യതയാകുന്നു. ഗസ്സയിലെ ചെറുത്തുനിൽപുമൂലം പരിക്കറ്റ് മടങ്ങുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം അനുദിനം കൂടിവരുകയാണ്. ഇതിൽ ഗുരുതര പരിക്കേറ്റവരുടെ എണ്ണം നിരവധിയാണ്. ഗസ്സയിൽ വെറും 12 മണിക്കൂർ ചെലവഴിച്ചതോടെ ജീവിതം കീഴ്മേൽ മറിഞ്ഞ ആളാണ് ഇസ്രായേൽ സൈനികനായ ഇഗോർ ടുഡോറൻ. പൊടുന്നനെ ടുഡോറന്റെ ടാങ്കറിലേക്ക് മിസൈൽ പതിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന പരിക്കിന് കാരണമായി.

പരിക്കുമൂലം ഇനി കാലുണ്ടാകില്ലെന്ന് പെട്ടെന്ന് മനസ്സിലായെന്ന് ചികിത്സിക്കുന്ന ആശുപത്രിയിലെ കട്ടിലിൽ ഇരുന്ന് അദ്ദേഹം പറഞ്ഞു. റിസർവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആളാണ് ടുഡോറൻ. സ്വയം യുദ്ധമുഖത്തേക്ക് പോകാൻ സന്നദ്ധനായതായിരുന്നു. എന്നാൽ, ഒക്‌ടോബർ ഏഴിലെ ഹമാസ് തിരിച്ചടിയിൽ കാൽ നഷ്ടപ്പെട്ടു. ഇനി സൈനിക ജീവിതം സാധ്യമാകില്ലെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. മുറിവേറ്റ ഇസ്രായേലി സൈനികരുടെ പെരുകുന്ന സംഖ്യയുടെ പ്രതിനിധിയാണ് ടുഡോറൻ. ഇത്തരം ആളുകൾ യുദ്ധത്തിലെ മറഞ്ഞിരിക്കുന്ന വൻ ബാധ്യതകളാണ്. അത് വരും വർഷങ്ങളിൽ ഇസ്രായേലിനെ ഗുരുതരമായി ബാധിച്ചേക്കും.

മുറിവേറ്റവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, അവരുടെ ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കാൻ രാജ്യം തയാറാവുന്നില്ലെന്ന പരാതികൾ ഉയർന്നു കഴിഞ്ഞു. ഇതുപോലൊരു തീവ്ര സാഹചര്യം താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് ‘ഡിസേബിൾഡ് വെറ്ററൻസ് ഓർഗനൈസേഷ’ൻ തലവനായ എഡാൻ ക്ലെമാൻ പറഞ്ഞു. ഇസ്രായേൽ പുനരധിവസിപ്പിക്കേണ്ട, പരിക്കേറ്റവരുടെ വലിയ നിരക്ക് രാജ്യത്തെ സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഇസ്രായേലിലെ ഓപൺ യൂനിവേഴ്സിറ്റിയിൽ സിവിൽ-സൈനിക ബന്ധങ്ങൾ പഠിപ്പിക്കുന്ന യാഗിൽ ലെവി പറഞ്ഞു.

ഇസ്രായേലികൾ പൊതുവിൽ ഇപ്പോഴും യുദ്ധത്തിൽ സർക്കാറിനൊപ്പമാണ്. ഹമാസ് ആക്രമണങ്ങളിൽ നഷ്ടപ്പെട്ട സുരക്ഷിതത്വബോധം പുനഃസ്ഥാപിക്കുന്നതിനുള്ള അസ്തിത്വ യുദ്ധമായാണ് അവർ ഇതിനെ കാണുന്നത്. ഫലസ്തീനികൾ അനുഭവിക്കുന്ന കൊടും ദുരിതങ്ങളാകട്ടെ, ഇസ്രായേൽ മാധ്യമങ്ങളിൽ വാർത്തയാകുന്നുമില്ല.

നിർബന്ധിത സൈനിക സേവനമുള്ള രാജ്യമാണ് ഇസ്രായേൽ. എല്ലാ വീട്ടിലും സൈന്യവുമായി ബന്ധമുള്ളവരുണ്ട്. അതുകൊണ്ടുതന്നെ, സൈനികർക്കുണ്ടാകുന്ന തിരിച്ചടികൾ അവിടെ വൈകാരിക വിഷയമാണ്. കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്കാര ചടങ്ങുകളിലും മറ്റും ജനം കൂട്ടമായി എത്തുന്നുണ്ട്. എന്നാൽ, സേവനത്തിന്റെയും അതിജീവനത്തിന്റെയും കഥകൾക്ക് ചുറ്റുമുള്ള ആരാധകർ പിന്മാറിയതിനുശേഷം, മാരക പരിക്കേറ്റവർ പുതിയ യാഥാർഥ്യവുമായി പോരാടാൻ കഷ്ടപ്പെടുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്.

യുദ്ധത്തിൽ പരിക്കേറ്റവരുടെ വലിയ എണ്ണം വരും വർഷങ്ങളിൽ ഇസ്രായേലിന് തീരാക്കണ്ണീരും ബാധ്യതയുമാകും. യുദ്ധമുഖത്തുനിന്ന് പിന്മാറിയ ശേഷം കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. പരിക്കേറ്റ സൈനികർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും വിധമുള്ള പിന്തുണ ഉറപ്പാക്കാനായില്ലെങ്കിൽ അത് കുറ്റബോധവും നിരാശയും പേറുന്ന ജനസഞ്ചയത്തെത്തന്നെ സൃഷ്ടിച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഗസ്സയിലെ പ്രതിബന്ധങ്ങൾ സഹായ വിതരണത്തെ ബാധിക്കുന്നുവെന്ന് യു.എൻ

യുനൈറ്റഡ് നേഷൻസ്: ഗസ്സയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയത് സഹായ വിതരണത്തെ ഗുരുതരമായി ബാധിക്കുന്നതായി ഐക്യരാഷ്ട്ര സഭ മാനുഷിക കാര്യാലയം (ഒ.സി.എച്ച്.എ) പറയുന്നു. റോഡുകളിലെ ഗതാഗതം തടഞ്ഞതും ആശയവിനിമയ സംവിധാനങ്ങൾ നശിപ്പിച്ചതും മറ്റും സഹായ ഏജൻസികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്.

എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത്, ഡിസംബർ 23നും 26നും ഇടയിൽ ഭക്ഷണപ്പൊതികൾ, ഗോതമ്പുമാവ്, ബിസ്‌കറ്റുകൾ, പോഷകാഹാര സപ്ലിമെന്റുകൾ എന്നിവയുമായി യു.എൻ ഭക്ഷ്യ ഏജൻസി പ്രതിനിധികൾ ഗസ്സയിലെ കുടിയിറക്കപ്പെട്ട അരലക്ഷത്തോളം ആളുകളിലേക്കെത്തി. ഭക്ഷ്യ ഏജൻസിയുമായി സഹകരിക്കുന്ന സംഘടനകൾ വഴി യു.എൻ ഷെൽട്ടറുകൾക്ക് പുറത്തുള്ള ആയിരക്കണക്കിന് ആളുകൾക്കും സഹായമെത്തിക്കുന്നുണ്ട്. ഗസ്സയിലെ ഡസനിലധികം ബേക്കറികളിലേക്ക് 50 ടൺ ഗോതമ്പുമാവ് എത്തിക്കാനും ശ്രമം നടക്കുന്നതായി യു.എൻ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - The number of wounded Israeli soldiers is mounting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.