ഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അടച്ചുപൂട്ടിയ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഖ്യകക്ഷികളുടെ സഹായം തേടിയ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രാജ്യങ്ങളുടെ നിസ്സംഗതയെത്തുടർന്ന് നിലപാട് മാറ്റി. തന്ത്രപ്രധാനമായ ഈ ജലപാത സംരക്ഷിക്കാൻ വാഷിങ്ടണിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയക്കണമെന്ന ട്രംപിന്റെ ആവശ്യം ജർമനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ നിരസിച്ചു. മുൻകൂട്ടി ആലോചിക്കാതെയാണ് അമേരിക്ക യുദ്ധം തുടങ്ങിയതെന്ന നിലപാടിലാണ് ഇവർ. അമേരിക്കയുടെ സഹായം സ്വീകരിക്കുന്ന നാറ്റോ അംഗങ്ങൾ, ആവശ്യമുള്ളപ്പോൾ തിരികെ സഹായിക്കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ‘ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഞങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ല’ എന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കത്തിൽ രണ്ട് വിമാനവാഹിനിക്കപ്പലുകൾ ആവശ്യപ്പെട്ടിട്ടും ബ്രിട്ടൻ നൽകിയില്ലെന്ന് ട്രംപ് ആരോപിച്ചു. യുദ്ധം ജയിച്ചുകഴിഞ്ഞപ്പോൾ കപ്പലുകൾ അയക്കാം എന്ന് പറഞ്ഞ ലണ്ടന്റെ വാഗ്ദാനം താൻ തള്ളിക്കളഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. യുദ്ധക്കപ്പലുകളെ അയക്കില്ലെന്ന് ജപ്പാൻ, ആസ്‌ട്രേലിയയും വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കത്തിന് പിന്നാലെയാണ് ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചത്. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്നത് ഇതുവഴിയാണ്. ഇത് തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. നിലവിൽ എണ്ണവില ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. കടലിടുക്ക് ദീർഘകാലം അടഞ്ഞുകിടന്നാൽ ബാരലിന് 200 ഡോളർ വരെ വില ഉയർന്നേക്കാമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഇത് ആഗോളതലത്തിൽ വലിയ വിലക്കയറ്റത്തിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.