ഗസ്സ: ഗസ്സയിലെ വെടിനിർത്തൽ കരാർ നടപ്പിലായില്ല. ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക്കാണ് വെടിനിർത്തൽ കരാർ നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ, മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറുന്നത് വരെ വെടിനിർത്തൽ ഉണ്ടാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിലപാട് എടുത്തതോടെയാണ് കരാർ നടപ്പാക്കുന്നത് വൈകിയത്.
അതേസമയം, സാങ്കേതിക കാരണങ്ങൾ മൂലമാണ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക കൈമാറുന്നത് വൈകിയതെന്ന് ഹമാസ് അറിയിച്ചു. വെടിനിർത്തൽ കരാർ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞബദ്ധരാണെന്നും ഹമാസ് അറിയിച്ചു.വെടിനിർത്തൽ കരാർ വൈകിയതോടെ ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്. ഇതുസംബന്ധിച്ച് ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹാഗിരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
ഹമാസ് വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പാലിച്ചില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇനിയും കൈമാറിയിട്ടില്ല. അതിനാൽ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഇസ്രായേൽ ഇപ്പോഴും ഗസ്സയിൽ ആക്രമണം തുടരുകയാണെന്നും ഡാനിയൽ ഹാഗാരി പറഞ്ഞു.
ഹമാസുമായുള്ള വെടിനിർത്തൽ താൽകാലികം മാത്രമാണെന്നും അനിവാര്യമെങ്കിൽ യു.എസിന്റെ സഹായത്തോടെ യുദ്ധം തുടരാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭീഷണി. ബന്ദികളാക്കപ്പെട്ടവരുടെ പട്ടിക ഇസ്രായേൽ കൈമാറിയിട്ടില്ലെന്നും ഇത് കരാർ ലംഘനമാണെന്നും അതൊരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും നെതന്യാഹു എക്സിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.