ഗസ്സ വംശഹത്യയിലും ഇറാൻ യുദ്ധത്തിലും പ്രതിഷേധം; ഇസ്രായേലിൽ നിന്ന് അംബാസഡറെ പിൻവലിച്ച് സ്പെയിൻ

മാഡ്രിഡ്: ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിലും, അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഇറാനെതിരെ ആരംഭിച്ച പുതിയ യുദ്ധത്തിലും പ്രതിഷേധിച്ച് സ്പെയിൻ തങ്ങളുടെ അംബാസഡറെ പിൻവലിച്ചു. ഇസ്രായേലിലെ സ്പാനിഷ് സ്ഥാനപതി അന മരിയ സലോമൻ പെരസിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

യൂറോപ്യൻ യൂണിയനിൽ ഇസ്രായേലിന്റെ സൈനിക നടപടികളെ ഏറ്റവും ശക്തമായി വിമർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. വിദേശകാര്യ മന്ത്രിയുടെ ശുപാർശപ്രകാരം മാർച്ച് പത്തിന് ചേർന്ന മന്ത്രിസഭാ യോഗമാണ് സ്ഥാനപതിയെ പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. ഇതോടെ തെൽ അവീവിലെ സ്പാനിഷ് എംബസിയുടെ ചുമതല ഇനി മുതൽ ഒരു ചാർജ് ഡി അഫയേഴ്‌സിനായിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണത്തെ 'അന്യായമായ നടപടി' എന്ന് വിശേഷിപ്പിച്ച ചുരുക്കം ചില യൂറോപ്യൻ നേതാക്കളിൽ ഒരാളാണ് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. യുദ്ധത്തോടുള്ള സ്പെയിനിന്റെ നിലപാട് "നോ ടു ദി വാർ" (യുദ്ധത്തിന് ഇല്ല) എന്നതാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

ഗസ്സയിലെ ഇസ്രായേൽ നടപടികളെയും സാഞ്ചസ് സർക്കാർ നിരന്തരം അപലപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലിന് മേൽ സമ്പൂർണ്ണ ആയുധ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം സ്പാനിഷ് പാർലമെന്റ്   പാസാക്കിയിരുന്നു. ആയുധങ്ങൾ, ഇരട്ട ഉപയോഗ സാങ്കേതികവിദ്യകൾ, സൈനിക ഉപകരണങ്ങൾ എന്നിവ ഇസ്രായേലിന് വിൽക്കുന്നത് സ്പെയിൻ സ്ഥിരമായി നിരോധിച്ചിട്ടുണ്ട്.

ഇറാനെതി​രെയുള്ള യുദ്ധത്തെ വിമർശിച്ചതിന് നിലവിൽ സ്പെയിനിന് നേരെ യു.എസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരായ ആക്രമണത്തിൽ അ‌മേരിക്കയുടെ കൂടെ യുദ്ധത്തിൽ പങ്കുചേരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്പെയിനിന് നേരെ വാണി​ജ്യ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ സാമ്പത്തിക ഭീഷണികൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് സ്പെയിൻ. 

Tags:    
News Summary - Spain removes ambassador from Israel in protest to Iran war, Gaza genocide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.