ഇസ്രായേലിൽ ഇറാൻ തകർത്തത് 9115 കെട്ടിടങ്ങളും വാഹനങ്ങളും; ‘ക്ലസ്റ്റർ ബോംബിൽ കെട്ടിടം തകരുന്നത് കുറഞ്ഞു, പരിക്കേൽക്കുന്നവർ കൂടി’

തെൽഅവീവ്: 11 ദിവസം പിന്നിടുന്ന പോരാട്ടത്തിൽ ഇസ്രായേലിന് വൻ നാശനഷ്ടം വരുത്തിവെച്ച് ഇറാൻ. ഇസ്രായേലിൽ ഇതിനകം മിസൈൽ പതിച്ച് നാശനഷ്ടം നേരിട്ട 9,115 കേസുകൾ ടാക്സ് അതോറിറ്റിയുടെ ഹോട്ട്‌ലൈനിൽ റിപ്പോർട്ട് ചെയ്തതായി ‘ജറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

തെൽഅവീവിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഇവിടെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ഉപകരണങ്ങൾക്കുമായി 4,609 നഷ്ടപരിഹാര അപേക്ഷകൾ ഇതുവരെ ഫയൽ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ബെയ്ത്ത് ഷെമെഷ്, ബീർഷെവ പ്രദേശങ്ങൾ ഉൾപ്പെടുന്ന ടാക്സ് അതോറിറ്റിയുടെ അഷ്‌കെലോൺ ഓഫിസിൽ 3,664 ക്ലെയിമുകൾ ഫയൽ ചെയ്തിട്ടുണ്ട്. ജറുസലേം ഓഫിസിൽ 181 ക്ലെയിമുകളും അക്കോയിൽ 494 ഉം തിബ്രീസിൽ 167 ക്ലെയിമുകളും ഇതിനകം ഫയൽ ചെയ്തു. കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന് 6586, ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന് 1044, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന് 1485 എന്നിങ്ങനെയാണ് ഇനംതിരിച്ചുള്ള കണക്ക്.

അതിനിടെ, കഴിഞ്ഞ ജൂണിൽ നടന്ന ഇറാൻ-ഇസ്രായേൽ 12 ദിന യുദ്ധത്തിൽനിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ ഇറാന്റെ ആക്രമണമെന്ന് ഐ.ഡി.എഫ് അറിയിച്ചു. കഴിഞ്ഞ തവണ വൻ മിസൈലുകകളാണ് പ്രയോഗിച്ചിരുന്നതെങ്കിൽ, ഇത്തവണ നിരവധി ചെറുബോംബുകൾ അടങ്ങിയ ക്ലസ്റ്റർബോംബ് മി​സൈലുകളാണ് ഇസ്രായേലിലേക്ക് തൊടുത്തുവിടുന്നത്.

’ജൂണിലെ യുദ്ധത്തിൽ നൂറുകണക്കിന് കിലോഗ്രാം ഭാരമുള്ള വലിയ വാർഹെഡുകളുള്ള മിസൈലുകളാണ് അവർ (ഇറാൻ) പ്രയോഗിച്ചത്. ഓരോ മിസൈലിനും ഒരു കെട്ടിടം മുഴുവൻ നശിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നു. അത്തരം നിരവധി ആക്രമണങ്ങൾ ഞങ്ങൾ കണ്ടു. എന്നാൽ, ഇത്തവണത്തെ യുദ്ധത്തിൽ ഇറാൻ ക്ലസ്റ്റർ മിസൈലുകളാണ് അയക്കുന്നത്. അതായത്, ഒറ്റ ആക്രമണത്തിൽ തന്നെ ചിതറിത്തെറിച്ച് നിരവധി സ്​ഫോടനങ്ങൾ നടത്തുന്ന ആയുധം’ -ഇസ്രായേൽ അസോസിയേഷൻ ഓഫ് എഞ്ചിനീയേഴ്‌സിന്റെ ചെയർമാൻ യിഗൽ ഗോവ്രിൻ പറഞ്ഞു.

‘ക്ലസ്റ്റർ ബോംബിൽ ഓരോന്നിലും വളരെ കുറച്ച് സ്ഫോടകവസ്തുക്കൾ മാത്രമേയുള്ളൂ. അതിനാൽ, കെട്ടിടങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെടാനുള്ള സാധ്യത കുറവാണ്. പരക്കെ നാശനഷ്ടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പൊളിച്ചുമാറ്റലും പുനർനിർമ്മാണവും ആവശ്യമായ തലത്തിലുള്ള നാശമല്ല. അതേസമയം, ഈ ചെറുബോംബുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് ചിതറിത്തെറിക്കുന്നതിനാൽ കൂടുതൽ ആളുകൾക്കും സ്വത്തിനും ദോഷം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ബോംബോ അതിന്റെ ഭാഗങ്ങളോ മൂലം കൂടുതൽ പേർക്ക് പരിക്കേൽക്കും. അതിനാൽ, ജീവൻ രക്ഷിക്കാൻ എല്ലാവരും സ്വയം സുരക്ഷയിൽ ശ്രദ്ധിക്കുകയും ​ബോംബ് ഷൽട്ടറുകൾ അടക്കമുള്ളവയിൽ അഭയം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്’ -യിഗൽ ഗോവ്രിൻ പറഞ്ഞു.

കഴിഞ്ഞ ജൂണിൽ 12 ദിനയുദ്ധത്തിൽ 53,409 നാശനഷ്ട ക്ലെയിമുകളാണ് ഫയൽ ചെയ്തത്. 2.9 ബില്യൺ ഇസ്രായേൽ ഷെക്കേൽ നഷ്ടപരിഹാരം നൽകി. കഴിഞ്ഞ വർഷത്തെ യുദ്ധവുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച് മിസൈലുകൾ മാത്രമാണ് ഇത്തവണ ഇറാൻ വിക്ഷേപിക്കുന്നുള്ളൂവെന്ന് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ലക്ഷ്യം മധ്യ ഇസ്രായേലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ജൂണിൽ ഇറാൻ ഏകദേശം 1,600 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചപ്പോൾ, ഇത്തവണ ഇതുവരെ 600 ൽ താഴെയാണ് എണ്ണം.

ഇത്തവണ നാശനഷ്ടത്തിന്റെ വ്യാപ്തി വൻതോതിൽ വർധിച്ചു. കഴിഞ്ഞ വർഷം മിസൈൽ ആക്രമണം മൂലം ആകെ മൂന്ന് ബില്യൺ ഷെക്കൽ ആയിരുന്നു നേരിട്ടുള്ള നാശനഷ്ടം. എന്നാൽ, ഇത്തവണ 11ദിവസം പിന്നിട്ടപ്പോ​ഴേക്കും നിലവിലെ നാശനഷ്ടം നൂറുകണക്കിന് മില്യൺ ഷെക്കൽ കടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിരവധി ആഡംബര ടവറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അവയുടെ പുനർനിർമ്മാണത്തിന് ശരാശരി റെസിഡൻഷ്യൽ കെട്ടിടങ്ങളേക്കാൾ ചെലവ് വളരെ കൂടുതലാണെന്നും ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

Tags:    
News Summary - israel iran war: most damage reported to the Tax Authority's hotline in Tel Aviv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.