ഗസ്സ: ഗസ്സയിൽ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിനോടുള്ള പ്രതിഷേധമായി ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കണമെന്ന ആഹ്വാനം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആകുന്നു. എക്സ്, ടിക് ടോക്, വാട്സാപ് കൂട്ടായ്മകൾ തുടങ്ങിയവയിൽ ബഹിഷ്‍കരണാഹ്വാനങ്ങൾ വ്യാപകമായി പ്രചരിക്കുന്നു.
ബഹിഷ്‍കരിക്കേണ്ട ഉൽപന്നങ്ങൾ കണ്ടെത്താൻ വിവിധ ആപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഹംഗറിയിൽ കഴിയുന്ന ഫലസ്തീനിയായ അഹ്മദ് ബഷ്ബഷ് രൂപകൽപന ചെയ്ത ‘No Thanks’ ആപ് വലിയ പ്രചാരം നേടി. നവംബർ 13ന് പുറത്തിറക്കിയ ഈ ആപ്പ് ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തു. ബാർകോഡ് സ്കാൻ ചെയ്താൽ ഇസ്രായേൽ ഉൽപന്നമാണെങ്കിൽ ‘നോ താങ്ക്സ്’ എന്ന് ചുവപ്പുനിറത്തിൽ കാണിക്കുന്ന വിധത്തിലാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.
https://www.boycotzionism.com/ എന്ന വെബ്സൈറ്റിൽ ബഹിഷ്‍കരിക്കേണ്ട ഉൽപന്നങ്ങളുടെ പട്ടിക നൽകിയിട്ടുണ്ട്. അഡിഡാസ്, ഏരിയൽ, ആമസോൺ, കാരിഫോർ, ബർഗർ കിങ്, കൊകൊ കോള, ഡെൽ, ഡിസ്നി, ഡൗ, ഫന്റ, ഗില്ലെറ്റ്, ഹെഡ് ആൻഡ് ഷോൾഡർ, എച്ച് ആൻഡ് എം, എച്ച്.പി, ഇന്റൽ, കെ.എഫ്.സി, ലെയ്സ്, ലിപ്ടൺ, എൽ ഒറീൽ, മക്ഡൊണാൾ, മെഴ്സിഡസ് ബെൻസ്, മൗണ്ടെയ്ൻ ഡ്യൂ, മാക്, നെസ്കഫെ, ഒറിയോ, ഓറൽ ബി, പാമ്പേഴ്സ്, പെപ്സി, പിസ ഹട്ട്, പ്യൂമ, സീമെൻസ്, സ്നിക്കേഴ്സ്, സ്പ്രൈറ്റ്, സ്റ്റാർ ബക്സ്, വാൾമാർട്ട്, വാൾട്ട് ഡിസ്നി, സാറ, സെവൻ അപ്, 5 സ്റ്റാർ, അജിനോമോട്ടോ, ബ്ലൂംബെർഗ്, ബോണ്ടി തുടങ്ങി ചിരപരിചിതമായതും അല്ലാത്തതുമായ നിരവധി കമ്പനികൾ ബഹിഷ്‍കരിക്കേണ്ട പട്ടികയിലുണ്ട്.
ഇസ്രായേലിനെ പിന്തുണക്കുന്ന കോർപറേറ്റുകളുടെ ബിസിനസിൽ ഇതിനകം ബഹിഷ്‍കരണം പ്രതിഫലിച്ചിട്ടുണ്ട്. സ്റ്റാർ ബക്സിന് മാത്രം 1300 കോടി ഡോളറിന്റെ (ഒരു ലക്ഷം കോടിയിലധികം രൂപ) നഷ്ടമുണ്ടായി. ഇസ്രായേലി കമ്പനികളെയും അവർക്ക് സാമ്പത്തിക സാങ്കേതിക പിന്തുണ നൽകുന്ന കമ്പനികളെയുമാണ് ബഹിഷ്‍കരിക്കാൻ വിവിധ സംഘടനകളും മറ്റും ആഹ്വാനം ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.