ബാഗ്ദാദ്: ഇറാനെതിരായ യുദ്ധത്തിൽ കനത്ത തിരിച്ചടി നേരിട്ട് അമേരിക്കൻ വ്യോമസേന. യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറക്കുന്ന KC-135 വിമാനം തകർന്നു. പടിഞ്ഞാറൻ ഇറാഖിലാണ് വിമാനം തകർന്നുവീണതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ആരെങ്കിലും തകർത്തതാണോ അതോ തകർന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ഇറാഖിലെ തങ്ങളുടെ സഖ്യകക്ഷികളാണ് വിമാനം തകർത്തതെന്നും അതിലെ മുഴുവൻ സൈനികരെയും കൊലപ്പെടുത്തിയെന്നും ഇറാൻ അവകാശപ്പെട്ടു.
KC-135 വിമാനങ്ങളിൽ പൈലറ്റ്, കോപൈലറ്റ്, മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന ബൂം പ്രവർത്തിപ്പിക്കുന്നയാൾ എന്നിങ്ങനെ സാധാരണയായി മൂന്ന് പേരടങ്ങുന്ന ക്രൂ ആണ് ഉണ്ടാവുക. വ്യോമസേന, നാവികസേന, മറൈൻ കോർപ്സ്, സഖ്യകക്ഷി രാജ്യങ്ങളുടെ വിമാനങ്ങൾ എന്നിവയ്ക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന യു.എസ് വ്യോമസേനയുടെ അഭിമാന സ്തംഭമാണ് KC-135 വിമാനങ്ങൾ.
അതേസമയം, സംഭവം നടക്കുമ്പോൾ രണ്ട് വിമാനങ്ങൾ അവിടെ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. രണ്ടാമത്തെ വിമാനം ക്രാഷ് ലാൻഡ് ചെയ്തതായും അറിയുന്നു. യുദ്ധം ആരംഭിച്ച് പിറ്റേന്ന് തന്നെ (മാർച്ച് 1 ന്) സൗഹൃദവെടിവെപ്പിൽ അമേരിക്കയുടെ മൂന്ന് യുദ്ധവിമാനങ്ങൾ തകർന്നിരുന്നു.
ഇറാനെതിരെ ഇസ്രയേലുമായി സംയുക്ത സൈനിക ആക്രമണം നടത്തുന്നതിനിടെ വ്യാഴാഴ്ച തങ്ങളുടെ ഒരു വിമാനം തകർന്നുവീണതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം അപകടത്തിൽപെട്ടതായും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മിഡിൽ ഈസ്റ്റിലെ യുദ്ധത്തിന് മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിൽ ഉണ്ടായിരുന്ന സൈനികരെ കുറിച്ച് സൂചനകൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
‘ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറക്കുന്ന യുഎസ് കെ.സി-135 വിമാനം തകർന്നു. ഓപറേഷൻ എപ്പിക് ഫ്യൂറിക്കിടെ സുഹൃദ് വ്യോമാതിർത്തിയിലാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഇത് ശത്രുക്കളുടെ വെടിവെപ്പിലോ സൗഹൃദ വെടിവെപ്പിലോ സംഭവിച്ചതല്ല’ -യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ യുദ്ധത്തിനിടെ തങ്ങളുടെ ഏഴ് സൈനികർ കൊല്ലപ്പെട്ടതായും 140 പേർക്ക് പരിക്കേറ്റതായും പെന്റഗൺ വക്താവ് ഷോൺ പാർനെൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിൽ എട്ട് പേരുടെ പരിക്ക് ഗുരുതരമാണ്. മാർച്ച് ഒന്നിന് അമേരിക്കയുടെ മൂന്ന് എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾസ് ജെറ്റുകളാണ് അബദ്ധത്തിലുള്ള വെടിയേറ്റ് തകർന്നുവീണത്.
മിഡിൽ ഈസ്റ്റിന്റെ പല ഭാഗങ്ങളിലും ഇറാൻ പ്രത്യാക്രമണം നടത്തുന്നതിനിടെ, കുവൈത്ത് വ്യോമ പ്രതിരോധവിഭാഗം ഇവ അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തുകയായിരുന്നുവെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ആ സംഭവത്തിൽ യുദ്ധവിമാനങ്ങളിലുണ്ടായിരുന്ന ആറ് സൈനികർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.