ബെയ്ജിങ്: ആറു രാജ്യക്കാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ വിസയില്ലാതെ പ്രവേശനം അനുവദിച്ച് ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, മലേഷ്യ പൗരന്മാർക്കാണ് 15 ദിവസം വരെയുള്ള സന്ദർശനത്തിന് വിസ ആവശ്യമില്ലാത്തത്. ഡിസംബർ ഒന്നുമുതൽ ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്. വിജയകരമാണെങ്കിൽ നീട്ടുകയും കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യും. വിദേശ നിക്ഷേപം, വിനോദസഞ്ചാരം എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് പകരുകയാണ് ലക്ഷ്യം.
കടുത്ത കോവിഡ് നിയന്ത്രണംമൂലം കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ചൈനയിലേക്ക് വിദേശികളുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. ഈ വർഷമാണ് നിയന്ത്രണം ലഘൂകരിച്ചത്. ഈ വർഷം ആദ്യ ആറുമാസത്തിൽ 84 ലക്ഷം വിദേശികളാണ് ചൈന സന്ദർശിച്ചത്. കോവിഡിനുമുമ്പ് 2019ൽ 9.7 കോടി വിദേശികൾ രാജ്യത്ത് എത്തിയിരുന്നു. നേരത്തേ ചൈന ബ്രൂണെ, സിംഗപ്പൂർ, ജപ്പാൻ രാജ്യക്കാർക്ക് ചൈനയിൽ വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് സമയത്ത് ഇത് നിർത്തി. പിന്നീട് കഴിഞ്ഞ ജൂലൈയിൽ പുനരാരംഭിച്ചെങ്കിലും ജപ്പാനെ ഉൾപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.