വാഷിങ്ടൺ: അമേരിക്കയിൽ തൊഴിൽ സ്വപ്നംകാണുന്ന ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾക്ക് തിരിച്ചടിയായി എച്ച് വൺ ബി വിസ നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലുമായി ട്രംപ് ഭരണകൂടം. മൂന്നു വർഷത്തേക്ക് എച്ച് വൺ ബി വിസ നൽകുന്നത് തടയുന്ന പ്രത്യേക നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി അരിസോണയിൽനിന്നുള്ള റിപ്പബ്ലിക്കൻ അംഗം എലി കാർനെയാണ് യു.എസ് കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചത്. മുതിർന്ന ഏഴ് റിപ്പബ്ലിക്കൻ അംഗങ്ങളും ബില്ലിന് പിന്തുണയുമായി രംഗത്തുണ്ട്. വിസ നിയമത്തിൽ സമൂല പരിഷ്‍കരണം നിർദേശിക്കുന്ന ബിൽ നിയമമായാൽ ലക്ഷക്കണത്തിന് ഇന്ത്യൻ തൊഴിൽ അന്വേഷകർക്ക് വലിയ തിരിച്ചടിയാകും.
പ്രതിവർഷം അനുവദിക്കുന്ന 65,000 വിസകളുടെ എണ്ണം 25,000 ആയി കുറക്കണമെന്നാണ് ബില്ലിലെ പ്രധാന നിർദേശം. നിലവിലുള്ള ലോട്ടറി സമ്പ്രദായത്തിന് പകരം ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിസ നൽകുന്ന രീതി കൊണ്ടുവരണമെന്നും കുറഞ്ഞ ശമ്പളം പ്രതിവർഷം രണ്ടു ലക്ഷം ഡോളർ ആയി നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്നു. വിസ ഉടമകൾക്ക് ബന്ധുക്കളെ കൊണ്ടുവരാൻ അനുവാദം നൽകാൻ പാടില്ല, ഒന്നിലേറെ ജോലി ചെയ്യാനും പാടില്ല, ഫെഡറൽ ഏജൻസികൾ ഇത്തരം തൊഴിലാളികളെ നിയമിക്കരുത്, സ്ഥിരതാമസ വിസയിലേക്ക് മാറാൻ അനുവാദം നൽകരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പ്രമുഖ റിപ്പബ്ലിക്കൻ അംഗങ്ങളായ ബ്രയാൻ ബാബിൻ, ബ്രണ്ടൻ ഗിൽ, വെസ്‍ലി ഹണ്ട്, കീത്ത് സെൽഫ്, ആൻഡി ഓഗ്‍ലസ്, പോൾ ഗോസർ, ടോം മക്ക്ലിന്റോക് എന്നിവർ ബില്ലിന് പിന്തുണ അറിയിച്ചു.
അമേരിക്കയിലെ ലോകോത്തര ടെക് കമ്പനികൾ, ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾ, ആരോഗ്യ മേഖല തുടങ്ങിയവയിലേക്ക് കുറഞ്ഞ വേതനത്തിന് വിദഗ്ധരായ ഇന്ത്യക്കാർ ഉൾപ്പെടെ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അവസരം നൽകുന്നതാണ് എച്ച് വൺ ബി വിസ. എന്നാൽ, ഇത് അർഹരായ സ്വദേശികളുടെ തൊഴിൽ അവസരം നഷ്ടപ്പെടുത്തുന്നുവെന്നാണ് നിയമനിർമാണം ആവശ്യപ്പെടുന്നവരുടെ വാദം. നിശ്ചിത ജോലിക്ക് യോഗ്യരായ സ്വദേശി തൊഴിലാളിയെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തണമെന്ന് ബില്ലിൽ ശിപാർശ ചെയ്യുന്നു. ഒപ്പം, വിദേശ തൊഴിലാളിയെ നിയമിക്കുന്നതിന് സ്വദേശീ തൊഴിലാളിയെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. വൻകിട കോർപറേറ്റുകളുടെ ലാഭത്തിനല്ല, കഠിനാധ്വാനം ചെയ്യുന്ന പൗരന്മാരുടെ സംരക്ഷണമൊരുക്കുകയാണ് ഫെഡറൽ സർക്കാറിന്റെ ഉത്തരവാദിത്തമെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് എലി കാർനെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.