കൈറോ/ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണം പൂർണമായും നിലക്കുകയും സൈനിക പിന്മാറ്റം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ, രണ്ടാം ഘട്ട സമാധാന ചർച്ചക്കുള്ള വഴിയൊരുങ്ങി. ഈജിപ്ത് ചെങ്കടൽ തീരത്തെ ശറമുശ്ശൈഖിൽ മൂന്ന് നാൾ നീണ്ട ഇസ്രായേൽ-ഹമാസ് ചർച്ചക്കുശേഷം വ്യാഴാഴ്ചയാണ് ഒന്നാം ഘട്ട കരാറിന് അംഗീകാരമായതും വെടിനിർത്തൽ പ്രഖ്യാപിച്ചതും. ഒന്നാംഘട്ട കരാറിലെ മറ്റു വ്യവസ്ഥകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം ഘട്ട ചർച്ച ഉടൻ ആരംഭിക്കുമെന്നും പലകാര്യങ്ങളിലും ഇതിനകം തന്നെ സമവായമായിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച ശറമുശ്ശൈഖിൽ നടക്കുന്ന അന്താരാഷ്ട്ര ഗസ്സ ഉച്ചകോടിയിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപിന് പുറമെ ഇറ്റാലിയുടെയും സ്പെയിനിന്റെയും പ്രധാനമന്ത്രിമാർ ഉൾപ്പെടെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജോർഡൻ, തുർക്കി, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചേകാടിക്കെത്തുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ട്രംപ് അടുത്ത ദിവസം ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യും.
ഹമാസ് തടവിലാക്കിയ ഇസ്രായേൽ പൗരന്മാരെ തിങ്കളാഴ്ച മോചിപ്പിക്കും. തൊട്ടടുത്ത ദിവസം, ഇസ്രായേൽ തടവറയിലുള്ള ഹമാസിന്റെയും ഫതഹിന്റെയും നേതാക്കളടക്കം 250 പേരും മോചിതരാകും.
ഗസ്സയിലേക്ക് ഫലസ്തീനികളുടെ മടക്കയാത്ര തുടരുകയാണ്. വടക്കൻ ഗസ്സയിൽ ഇവരെ കാത്തിരിക്കുന്നത് മൺകൂനകൾ മാത്രം. പൂർവസ്ഥിതിയിലെത്താൻ വർഷങ്ങളെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ച ഭക്ഷ്യസഹായ വിതരണങ്ങൾ ഭാഗികമായി പുനരാരംഭിക്കാനായിട്ടുണ്ട്. ഗസ്സയിലേക്കുള്ള അഞ്ച് അതിർത്തികൾ തുറന്നു. 1.7 ലക്ഷം മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ ശനിയാഴ്ചയോടെ യു.എന്നിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ഗസ്സയിലെത്തിക്കും. ഗസ്സക്ക് ആവശ്യമായ വൈദ്യസഹായവും ശനിയാഴ്ചയോടെ എത്തിക്കാനാകുമെന്നും യു.എൻ അറിയിച്ചു. കൂടുതൽ അതിർത്തികൾ തുറക്കണമെന്ന് യു.എൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെടിനിർത്തലിന്റെ ആയുസ്സിനെ സംബന്ധിച്ച് വിവിധ മേഖലകളിൽനിന്ന് ആശങ്കയും ഉയരുന്നുണ്ട്.
മുമ്പ് മൂന്നുതവണ ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ച അനുഭവമുണ്ട്. ഗസ്സയുടെ ഭരണമാറ്റം സംബന്ധിച്ച അവ്യക്തതയും ബാക്കിയാണ്. ഗസ്സയിൽ തങ്ങൾ അധികാരത്തിൽനിന്ന് മാറിയാലും വൈദേശിക ഭരണം അനുവദിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയിൽ അന്താരാഷ്ട്രതലത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ഹമാസ് ആവശ്യപ്പെട്ടു. മറുഭാഗത്ത്, ഹമാസിനെ നിരായുധീകരിച്ചില്ലെങ്കിൽ സൈനികാക്രമണത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് നെതന്യാഹുവും സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.