റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: പുടിന്‍ നാമനിർദേശ പത്രിക സമർപ്പിച്ചു; ഇറങ്ങുന്നത് അഞ്ചാമങ്കത്തിന്

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ വ്ലാദിമിർ പുടിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച ഔദ്യോഗിക നടപടികൾ പൂർത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പുടിന്‍റെ നാമനിർദേശ പത്രിക രജിസ്റ്റർ ചെയ്തു. സ്ഥാനാർഥിത്വത്തിന് ആവശ്യമായ രേഖകൾ കമീഷന് കൈമാറിയതായി പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ഇത്തവണയും സ്വതന്ത്ര സ്ഥാനാർഥിയായാണ് പുടിൻ മത്സരിക്കുന്നത്. യുനൈറ്റഡ് റഷ്യൻ പാർട്ടിയിലെ ഭാരവാഹികളും റഷ്യൻ ചലച്ചിത്രതാരങ്ങളും ഗായകരും കായിക താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളുമാണ് പുടിനെ പിന്തുണച്ചത്. റഷ്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം സ്വതന്ത്ര സ്ഥാനാർഥിയെ 40 പ്രദേശങ്ങളിൽ നിന്നുള്ള 3 ലക്ഷം പേർ പിന്തുണക്കണം. എന്നാൽ, പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർഥിയെ 500 പേർ പിന്തുണച്ചാൽ മതി.

അഞ്ചാമങ്കത്തിന് ഇറങ്ങുന്ന പുടിൻ കൂടുതൽ കാലം റഷ്യൻ പ്രസിഡന്‍റയ വ്യക്തിയാണ്. 1999ൽ ബോറിസ് യെൽറ്റ്സിന്‍റെ പെട്ടെന്നുള്ള രാജിയെ തുടർന്ന് താൽകാലിക പ്രസിഡന്‍റ് പദവി ഏറ്റെടുത്ത പുടിൻ 2000ൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്‍റായി. 2004ൽ വീണ്ടും ജയിച്ചു.

രണ്ടു തവണയിൽ കൂടുതൽ തുടർച്ചയായി പ്രസിഡന്‍റാകാൻ കഴിയില്ലെന്ന വ്യവസ്ഥയുള്ളതിനാൽ 2008 മേയ് എട്ടു മുതൽ 2012വരെ പ്രധാനമന്ത്രി പദവിയാണ് അദ്ദേഹം വഹിച്ചത്. ദിമിത്രി മെദ്‍വദേവ് ആയിരുന്നു ഈ കാലയളവിൽ പ്രസിഡന്‍റ്. 2012ൽ തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്‍റായ അദ്ദേഹത്തിന് പിന്നീട് മാറേണ്ടി വന്നിട്ടില്ല.

നാലു വർഷ കാലാവധിയിൽ തുടർച്ചയായി രണ്ടു തവണയെ ഒരാൾക്ക് പ്രസിഡന്‍റാകാൻ കഴിയൂ എന്ന വ്യവസ്ഥ 2008ൽ ഭരണഘടന ഭേദഗതിയിലൂടെ ഒഴിവാക്കിയിരുന്നു. ആറു വർഷമാണ് നിലവിൽ പ്രസിഡന്‍റ് പദവിയുടെ കാലാവധി. വീണ്ടും മത്സരിക്കുന്നതിനും തടസ്സമില്ല.

അതേസമയം, പുടിന് വെല്ലുവിളി ഉയർത്താൻ തക്ക ആരും പ്രതിപക്ഷത്തില്ല. യുക്രെയ്ൻ അധിനിവേശത്തെ എതിർത്ത പ്രധാന പ്രതിപക്ഷ നേതാവായ അലക്സി നവാൽനി ജയിലിലാണ്. യുദ്ധാനുകൂലിയായ ദേശീയവാദി ഇഗർ ഗിർകിനും ജയിലിൽ വിചാരണ കാത്തുകഴിയുന്നു.

മാർച്ച് 17ന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുക്രെയ്നിൽ അധിനിവേശം നടത്തി നിയന്ത്രണം സ്വന്തമാക്കിയ പ്രദേശങ്ങളും വോട്ടെടുപ്പിന്‍റെ ഭാഗമാകും. 11 കോടി വോട്ടർമാരുണ്ടെങ്കിലും 7-8 കോടി ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നാണ് വിലയിരുത്തൽ. 2018ൽ 67.5 ശതമാനമായിരുന്നു പോളിങ്.

Tags:    
News Summary - Russia's Vladimir Putin to run for president again as independent candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.