കിഴക്കൻ യുക്രെയ്ൻ പിടിക്കാൻ റഷ്യയുടെ ഡോൺബാസ് യുദ്ധം

കിയവ്: കിഴക്കൻ വ്യവസായിക ഹൃദയഭൂമിയായ ഡോൺബാസിൽ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാന നഗരമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഡോൺബാസിനായി നീക്കം കനപ്പിച്ചത്. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം പുതിയഘട്ടത്തിലേക്ക് കടന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും വ്യക്തമാക്കി. ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളുടെ സമ്പൂർണ വിമോചനമാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും ലാവ്റോവ് കൂട്ടിച്ചേർത്തു.

എട്ടു വർഷമായി റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ യുക്രെയ്ൻ സേനയോട് പോരാടുന്ന പ്രദേശമാണ് ഡോൺബാസ്. കിഴക്കൻ ഡോൺബാസ് പിടിച്ചെടുക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ച റഷ്യ മേഖലയിലെ പട്ടണങ്ങളിലുടനീളം ആക്രമണം ശക്തമാക്കി. ഏതാനും ആഴ്ചകളായി കിയവിൽനിന്നും പിന്മാറിയ റഷ്യൻ സൈന്യം ഡോൺബാസിൽ സമ്പൂർണ ആക്രമണം അഴിച്ചുവിടാൻ വീണ്ടും സംഘടിച്ചിരിക്കുകയാണ്. ഡോൺബാസിലെ ക്രെമിന്ന പട്ടണത്തിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി ലുഹാൻസ്ക് ഗവർണർ സെർഹി ഹൈദായി പറഞ്ഞു. ഡോൺബാസ്, ഖാർകിവ് മേഖലകളിലെ 1260 സൈനിക കേന്ദ്രങ്ങൾ ഒറ്റരാത്രികൊണ്ട് റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ച് തകർത്തായി റഷ്യ അവകാശപ്പെട്ടു. ഡോൺബാസിനായുള്ള യുദ്ധം റഷ്യ ആരംഭിച്ചതായും എന്നാൽ, എത്ര സൈനികരെ അവിടെ കൊണ്ടുവന്നാലും ഞങ്ങൾ ശക്തമായി പോരാടുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.

അതിനിടെ, ഖാർകിവിൽ റഷ്യൻ ആക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടു. ഖാർകിവ് നഗരമധ്യത്തിലും പ്രാന്തപ്രദേശങ്ങളിലുമായി നടന്ന ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റതായും ഗവർണർ ഒലെഹ് സിനെഹുബോവ് പറഞ്ഞു. മരിയുപോളിൽ ചെറുത്തുനിൽപ് തുടരുന്ന യുക്രെയ്ൻ സൈനികരോട് ആയുധംവെച്ച് കീഴടങ്ങാൻ റഷ്യൻ സൈന്യം വീണ്ടും അന്ത്യശാസനം നൽകി. മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്കുനിർമാണശാലയിൽ തമ്പടിച്ച സൈനികരോട് കീഴടങ്ങണമെന്നും കീഴടങ്ങുന്നവർക്ക് തങ്ങളുടെ ജീവൻ നിലനിർത്താമെന്നുമാണ് റഷ്യൻ കേണൽ ജനറൽ മിഖായേൽ മിസിന്റ്സെവിന്റെ വാഗ്ദാനം. നിർദേശം പക്ഷേ, യുക്രെയ്ൻ തള്ളി. അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും യുക്രെയ്‌ന് ആയുധങ്ങൾ നൽകുന്നതിനാലാണ് അവർ യുദ്ധം തുടരുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു കുറ്റപ്പെടുത്തി. വിദേശ രാജ്യങ്ങളിൽനിന്നുള്ള വർധിച്ച ആയുധവിതരണം യുദ്ധം തുടരാൻ യുക്രെയ്ൻ ഭരണകൂടത്തിന് പ്രോത്സാഹനമാകുന്നതായും അദ്ദേഹം പറഞ്ഞു.   

News Summary - Russia's Donbass war to capture eastern Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.