പാശ്ചാത്യ ഉപരോധം തകർക്കാൻ പുതിയ നീക്കവുമായി റഷ്യയും ഇറാനും

ന്യൂഡൽഹി: അമേരിക്കയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ പുതിയ നീക്കവുമായി റഷ്യയും ഇറാനും. ആഗോള വ്യാപാരത്തെ പുനർനിർവചിക്കുന്നതിന് വഴിവെക്കുന്ന റാഷ്ത് മുതൽ അസ്താര വരെയുള്ള 162 കിലോമീറ്റർ റെയിൽവേ പാത സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇരുരാജ്യങ്ങളും. പാശ്ചാത്യ രാജ്യങ്ങളുടെ നീക്കത്തെ പൂർണമായി മറികടക്കുന്ന നയതന്ത്ര നീക്കമാണ് തെഹ്റാനും മോസ്കോയും ആസൂത്രണം ചെയ്യുന്നത്.

7,200 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ (ഐ.എൻ.എസ്.ടി.സി) പദ്ധതിയിലൂടെ വ്യാപാര ചെലവ് 30 ശതമാനം കുറക്കാനും ഷിപ്പിങ് സമയദൈർഘ്യം 37 ദിവസത്തിൽ നിന്ന് 19 ദിവസമായി കുറക്കാനും സാധിക്കും. പരമ്പരാഗത സൂയസ് കനാൽ റൂട്ടിന്‍റെ പകുതി സമയമാണിത്.

2025 ജനുവരിയിൽ ഒപ്പുവെച്ച 20 വർഷത്തെ പങ്കാളിത്ത ഉടമ്പടി പ്രകാരം റഷ്യൻ എൻജിനീയർമാർ നിർമിക്കുന്ന റെയിൽവേ പാതക്ക് ഏകദേശം 16,464 കോടി രൂപയാണ് (1.6 ബില്യൻ യൂറോ) ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് റഷ്യയാണ് കൂടുതൽ തുക ചെലവഴിക്കുന്നത്. പുതിയ ഇടനാഴി സമാന്തര സാമ്പത്തിക ക്രമത്തിൽ നിർണായക പങ്കാളികളാക്കി റഷ്യയെയും ഇറാനെയും മാറ്റും. ഇതുവഴി പ്രതിവർഷം 20 ദശലക്ഷം ടൺ ചരക്ക് ഗതാഗതം സാധ്യമാക്കും.

പാശ്ചാത്യ രാജ്യങ്ങളുടെ നാവികസേനകളുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലും നിന്ന് പൂർണായി മാറി എണ്ണ, വാതകം, ഉരുക്ക്, ഭക്ഷണം, യന്ത്രങ്ങൾ അടക്കമുള്ളവയുടെ കൈമാറ്റത്തിന് പുതിയ പാത ഉപകരിക്കും. റഷ്യക്കും ഇറാനുമെതിരെ, സൂയസ് കനാൽ, മലാക്ക കടലിടുക്ക് പോലെ അമേരിക്കൻ കപ്പലുകൾക്ക് ഉപരോധം തീർക്കാനോ യൂറോപ്യൻ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനോ സമ്മർദം ചെലുത്താനോ കഴിയില്ല.

അതേസമയം, റഷ്യയുടെയും ഇറാന്‍റെയും നീക്കത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ചൈന. ചൈന മുന്നോട്ടുവെക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിയെ ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ (ഐ.എൻ.എസ്.ടി.സി) മറികടക്കുമോ എന്നാണ് ചൈനക്ക് സംശയം. എന്നാൽ, വളർന്നുവരുന്ന ബ്രിക്സ്, ഷാങ്ഹായ് കൂട്ടായ്മയിലൂടെ പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാൻ സാധിക്കുമെന്നാണ് പൊതു വിലയിരുത്തൽ.

Tags:    
News Summary - Russia and Iran make new move to break Western ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.