ഇസ്രായേലിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ജുഡീഷ്യറി പരിഷ്കരണത്തിനെതിരെ തെൽഅവീവിൽ നടന്ന പ്രതിഷേധ റാലിയിൽ ഉയർന്ന ബാനറുകൾ
തെൽഅവീവ്: ഇസ്രായേലിൽ ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ജുഡീഷ്യറി പരിഷ്കരണം സർക്കാർ തൽക്കാലം നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് പ്രസിഡന്റ് ഇസാഖ് ഹെർസോഗ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നീക്കം രാജ്യത്തിന്റെ സുരക്ഷയെയും സമ്പദ്വ്യവസ്ഥയെയും അപകടത്തിലാക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
സമാന ആവശ്യമുന്നയിച്ച പ്രതിരോധമന്ത്രി യൊആവ് ഗാലന്റിനെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പുറത്താക്കിയതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ പ്രസ്താവന. ജുഡീഷ്യറി പരിഷ്കരണം സർക്കാർ തൽക്കാലം നിർത്തിവെക്കണമെന്ന് ശനിയാഴ്ചയാണ് ഗാലന്റ് ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ മന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കുകയായിരുന്നു. ഇതോടെ രാജ്യത്തുടനീളം പ്രക്ഷോഭം ശക്തമായി. ഞായറാഴ്ച രാത്രി കടുത്ത പ്രതിഷേധമാണ് തെൽഅവീവിലും മറ്റു നഗരങ്ങളിലും അരങ്ങേറിയത്. ചാനൽ 12 റിപ്പോർട്ട് പ്രകാരം ആറു മുതൽ ഏഴു ലക്ഷം വരെ പേരാണ് ഞായറാഴ്ചമാത്രം തെരുവിലിറങ്ങിയത്.
ഇതിനു പിന്നാലെയായിരുന്നു പ്രസിഡന്റ് ഹെർസോഗ് ജുഡീഷ്യറി പരിഷ്കരണം പിൻവലിക്കാൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടത്. ‘നമ്മുടെ സമൂഹവും സുരക്ഷയും സമ്പദ് വ്യവസ്ഥയുമെല്ലാം അപകടത്തിലാണ്. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജുഡീഷ്യറി പരിഷ്കരണം പ്രധാനമന്ത്രി നിർത്തിവെക്കണം’ -പ്രസിഡന്റ് പറഞ്ഞു.
ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമനിർമാണത്തിനെതിരെ രാജ്യത്ത് വൻ പ്രതിഷേധമാണ് നടക്കുന്നത്. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രീംകോടതി വിധി അസാധുവാക്കാൻ അധികാരം നൽകുന്ന നിയമപരിഷ്കരണമാണ് നീതിന്യായ മന്ത്രി യാരിവ് ലെവിൻ മുന്നോട്ടുവെച്ചത്. ഇതിന്റെ ഭാഗമായി ആരോഗ്യ, മാനസിക കാരണങ്ങളാലല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കി കഴിഞ്ഞദിവസം ഇസ്രായേൽ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ സംരക്ഷിക്കാനാണ് നിയമനിർമാണമെന്നാണ് വിമർശനം. ജീവനക്കാർ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം തുടങ്ങിയതിനെ തുടർന്ന് തെൽഅവീവിലെ ബെൻ ഗൂരിയൻ വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.