മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നിൽ 32 മണിക്കൂർ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലിന് ആരംഭിക്കുന്ന വെടിനിർത്തൽ ഞായറാഴ്ച അർധരാത്രി വരെ തുടരും. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി മുന്നോട്ടുവെച്ച നിർദേശത്തിന് പിന്നാലെയാണ് ഈ തീരുമാനം.
യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഈസ്റ്റർ പ്രമാണിച്ച് ഊർജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇരുപക്ഷത്തുനിന്നും ഒഴിവാക്കണമെന്ന് സെലൻസ്‌കി ഈ ആഴ്ച ആദ്യം ആവശ്യപ്പെട്ടിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സ് മുഖേനയായിരുന്നു സെലൻസ്‌കി ഈ നിർദേശം കൈമാറിയത്.
വെടിനിർത്തൽ കാലയളവിൽ എല്ലാവരും ശത്രുത അവസാനിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് കർശന നിർദേശം നൽകിയതായി ക്രെംലിൻ പ്രസ്താവനയിൽ അറിയിച്ചു. എങ്കിലും, ശത്രുപക്ഷത്ത്നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങളോ ആക്രമണങ്ങളോ ഉണ്ടായാൽ തിരിച്ചടിക്കാൻ സൈന്യം സജ്ജമായിരിക്കണമെന്നും പുടിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
മുൻകാലങ്ങളിലും സമാനമായ രീതിയിൽ വെടിനിർത്തലുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ വർഷം ഈസ്റ്റർ വേളയിൽ പുടിൻ 30 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇരുപക്ഷവും പരസ്പരം ലംഘനങ്ങൾ ആരോപിക്കുകയാണുണ്ടായി.
കഴിഞ്ഞ വർഷം യു.എസും യുക്രെയ്നും മുന്നോട്ടുവെച്ച 30 ദിവസത്തെ ഉപാധികളില്ലാത്ത സമാധാന ഉടമ്പടി റഷ്യ തള്ളിയിരുന്നു. സമഗ്രമായ ഒരു ഒത്തുതീർപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മോസ്കോ. ഇപ്പോഴും 1,250 കിലോമീറ്റർ നീളുന്ന യുദ്ധമുന്നണിയിൽ ഇരുസൈന്യങ്ങളും ശക്തമായ പോരാട്ടം തുടരുകയാണ്.
അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ വാഷിങ്ടൺ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ മന്ദഗതിയിലായിരിക്കുകയാണ്. റഷ്യയുടെ പുതിയ നീക്കത്തോട് യുക്രെയ്ൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.