ഡൊണൾഡ് ട്രംപ്
വാഷിങ്ടൺ: തന്ത്രപരമായി നിർണായകമായ ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഹുർമുസ് തുറന്നില്ലെങ്കിൽ ഇറാന്‍റെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. 'നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ജലപാത പൂർണമായും തുറന്നില്ലെങ്കിൽ, ഇറാനിയൻ വൈദ്യുത നിലയങ്ങളെ അമേരിക്ക ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യു'മെന്നാണ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയത്.
ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ ആക്രമണം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് മുന്നറിയിപ്പ് വരുന്നത്. യു.എസ്, ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇറാനിൽ 2,000-ത്തിലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാനിയൻ ആക്രമണങ്ങളിൽ ഇസ്രായേലിൽ 15 പേർക്ക് ജീവൻ നഷ്ടമായി. ഇറാനുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. സുപ്രധാന കപ്പൽപാതയായ ഹുർമുസ് കടലിടുക്ക് ഒരുപ്രത്യേക ഘട്ടത്തിൽ 'സ്വയം തുറക്കും' എന്നും ചൈന അതിൽ ഇടപെട്ടാൽ നല്ലതായിരിക്കുമെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം പശ്ചിമേഷ്യയിൽ സൈനിക ലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണെന്നും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നും ട്രംപ് നേരത്തെ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്താമാക്കിയിരുന്നു. ഇറാന്റെ മിസൈൽ ശേഷി തകർക്കുക, അതിന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകർക്കുക, ആണവ ശേഷി നേടുന്നതിൽ നിന്ന് തടയുക എന്നിവയുൾപ്പെടെയുള്ള ലക്ഷ്യങ്ങളിലേക്ക് അടുത്തു എന്നാണ് ട്രംപിന്‍റെ അവകാശവാദം. ഹുർമുസിൽ തടസ്സം നീക്കാൻ സഹായിക്കാൻ വിസമ്മതിക്കുന്ന ചൈന ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ ട്രംപ് വിമർശിച്ചു.
പേർഷ്യൻ ഗൾഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഇടനാഴിയായ ഹുർമുസ് കടലിടുക്ക്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിൽ ഒന്നാണ്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും ഹുർമുസ് വഴിയാണ്. യു.എസിനും അതിന്റെ സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാവർക്കും പാത തുറന്നുകൊടുക്കും എന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാടെങ്കിലും, ആക്രമണ ഭീഷണി മൂലം കപ്പൽ ഗതാഗതം പകുതിയിലധികം കുറഞ്ഞു. നിലവിൽ, ഇന്ത്യ, ചൈന, പാകിസ്താൻ, തുർക്കി, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് ഇറാൻ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.