ഹുർമുസ് കടലിടുക്ക് പ്രതിസന്ധി; എണ്ണവില കുത്തനെ ഉയർന്നു

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 106 ഡോളറിന് മുകളിലെത്തി. രണ്ടാഴ്ചക്കിടെ ആദ്യമായാണ് എണ്ണവില 100 ഡോളർ മറികടക്കുന്നത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ അഞ്ച് ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ കപ്പലുകൾക്കും യു.എസ് നാവികസേനയുടെ പ്രത്യേക അനുമതി വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാനുമായി ഒരു സമാധാന കരാറിൽ എത്തുന്നതുവരെ ഈ പാത പൂർണ്ണമായും യു.എസ്സിന്റെ യന്ത്രണത്തിലായിരിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കൂടാതെ കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ ബോട്ടുകളെ തകർക്കാനും ട്രംപ് നാവികസേനക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇറാനിലേക്കോ തിരിച്ചോ ഉള്ള കപ്പലുകൾക്ക് മാത്രമല്ല പാതയിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യ കപ്പലുകൾക്കും യു.എസ് നാവികസേനയുടെ പച്ചക്കൊടി വേണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം ആഗോള വ്യാപാര മേഖലയെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

അതേസമയം അമേരിക്കയുടെ ഉപരോധത്തിന് മറുപടിയായി രണ്ട് വിദേശ ചരക്കുകപ്പലുകൾ ഇറാൻ പിടിച്ചെടുത്തിട്ടുണ്ട്. പനാമയുടെ പതാകയുള്ള എം.എസ് സി ഫ്രാൻസെസ്ക, ഗ്രീസ് ഉടമസ്ഥതയിലുള്ള എപാമിനോണ്ടാസ് എന്നീ കപ്പലുകളാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കസ്റ്റഡിയിലെടുത്തത്. ആവശ്യമായ അനുമതികളില്ലാതെയും നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാട്ടിയും സുരക്ഷാ ഭീഷണി ഉയർത്തിയതിനാണ് നടപടിയെന്ന് ഇറാൻ അവകാശപ്പെട്ടു. 

ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് പാത നിലവിൽ സ്തംഭനാവസ്ഥയിലാണ്. യുദ്ധത്തിന് മുമ്പ് പ്രതിദിനം ശരാശരി 129 കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ കഴിഞ്ഞ ബുധനാഴ്ച വെറും ഒമ്പത് കപ്പലുകൾ മാത്രമാണ് സഞ്ചരിച്ചത്. കപ്പൽ ഗതാഗതം നിലച്ചതോടെ ആഗോള ഓഹരി വിപണികളിലും വലിയ ഇടിവുണ്ടായി.    

Tags:    
News Summary - Oil rises above $106 per barrel as US, Iran deadlocked in Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.