യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷ... ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

ലണ്ടൻ: യു.എസ് -ഇറാൻ സമാധാന കരാർ ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന സൂചനകൾ വിപണിയെ സ്വാധീനിച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരായ ആസൂത്രിത സൈനിക നടപടികൾ നിർത്തിവെച്ചതും ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കിയതുമാണ് എണ്ണവില താഴാൻ കാരണം.

വെള്ളിയാഴ്ച വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 88.79 ഡോളറിലെത്തി. ഡബ്ല്യൂ.ടി.ഐ (വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ്) ക്രൂഡ് 86 ഡോളറിനടുത്തേക്കും താഴ്ന്നു. ഇതോടെ എണ്ണവില കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ ആഴ്ച ബ്രെന്റ് നാല് ശതമാനത്തിലധികവും ഡബ്ല്യൂ.ടി.ഐ നാല് ശതമാനത്തിലധികവുമാണ് ഇടിഞ്ഞത്.

ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, തൊട്ടുപിന്നാലെ നയതന്ത്രപരമായ ഒത്തുതീർപ്പ് ഉടനുണ്ടാകുമെന്ന് സൂചന നൽകുകയും ചെയ്ത ട്രംപിന്റെ അപ്രതീക്ഷിതമായ നീക്കങ്ങൾക്കൊടുവിലാണ് വിപണിയിലെ ഈ ചാഞ്ചാട്ടം. കരാറിന്റെ പൊതുവായ രൂപരേഖയോട് ഇറാന്റെ നേതൃത്വം യോജിച്ചിട്ടുണ്ടെന്നും എന്നാൽ ചർച്ചകൾ പൂർണമായി അവസാനിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കുകയായിരുന്നു.

സമാധാന കരാർ സംബന്ധിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്തിമ രേഖകൾക്കൊന്നും രാജ്യം അംഗീകാരം നൽകിയിട്ടില്ലെന്നും ചില നിർണായക വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാൻ വ്യക്തമാക്കി.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം മൂലം കഴിഞ്ഞ മാസങ്ങളിൽ എണ്ണവില കുത്തനെ ഉയർന്നിരുന്നു. പ്രത്യേകിച്ച് ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി വിപണിയെ ബാധിച്ചിരുന്നു. ഇപ്പോൾ, സംഘർഷം കുറയുമെന്ന പ്രതീക്ഷ ഉയർന്നതോടെ ഹുർമുസ് കടലിടുക്കിടെ പ്രതിസന്ധി അവസാനിക്കുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കു​ന്നത്. കരാർ യാഥാർഥ്യമായാൽ ഹുർമുസ് കടലിടുക്കിലൂടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയും.

എണ്ണവിലയിലെ ഇടിവ് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ആശ്വാസമാകും. ദീർഘകാലത്തേക്ക് വില താഴ്ന്നുനിൽക്കുകയാണെങ്കിൽ ഇന്ധനവിലയിലും പണപ്പെരുപ്പത്തിലും അനുകൂല സ്വാധീനം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Tags:    
News Summary - Oil prices fall on hopes of US Iran deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 18:15 GMT