വെസ്റ്റ് ബാങ്കിൽ അതിക്രമം തുടർന്ന് ഇസ്രായേൽ; സ്ഥിതി അതീവ ഗുരുതരമെന്ന് യു.എൻ മുന്നറിയിപ്പ്

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയുടെ റെയ്ഡുകളും അറസ്റ്റുകളും വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുനീക്കലും തുടരുന്നതിനിടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച കുറഞ്ഞത് 23 ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ജെനിൻ ഗവർണറേറ്റിൽ 11 പേരെയും ബെത്‌ലഹേം മേഖലയിൽ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.

നബ്‍ലസിന് തെക്കുപടിഞ്ഞാറുള്ള താൽ ഗ്രാമത്തിൽ ഫാറൂഖ് റമദാന്റെ കുടുംബവീട് ഇസ്രായേൽ സേന പൊളിച്ചുനീക്കി. ജൂലൈ 24ന് ഇസ്രായേൽ കുടിയേറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഫലസ്തീനികളിൽ ഒരാളായിരുന്നു റമദാൻ. ഇസ്രായേലികൾക്കെതിരായ ആക്രമണങ്ങളിൽ ഉൾപ്പെട്ട ഫലസ്തീനികളുടെ ബന്ധുക്കളുടെ വീടുകൾ പൊളിച്ചുനീക്കുന്ന നടപടിയെ മനുഷ്യാവകാശ സംഘടനകൾ ‘കൂട്ട ശിക്ഷ’യാണെന്ന് വിമർശിച്ചിട്ടുണ്ട്.

യത്തക്ക് സമീപം മറ്റൊരു വീടും കിണറും നശിപ്പിച്ചതോടെ ഒമ്പത് ഫലസ്തീനികൾക്ക് താമസസ്ഥലം നഷ്ടപ്പെട്ടു. അൻസയിലെ 12 വ്യാപാര ഗോഡൗണുകളും യാർസയിലെ ഒരു കാർഷിക കേന്ദ്രവും തകർത്തു. മസാഫർ യത്തയിൽ ഒരു സ്കൂളിനും വീടുകൾക്കും കാർഷിക കെട്ടിടങ്ങൾക്കും പൊളിച്ചുനീക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ വർഷം വെസ്റ്റ് ബാങ്കിൽ പ്രതിമാസം ശരാശരി 122 ഫലസ്തീൻ കെട്ടിടങ്ങൾ പൊളിച്ചുനീക്കപ്പെട്ടതായി യു.എൻ കണക്കുകൾ വ്യക്തമാക്കുന്നു.

ഒക്ടോബറിൽ നടക്കാനിരിക്കുന്ന പാർലമെന്ററി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയുടെയും കുടിയേറ്റക്കാരുടെയും ആക്രമണം ശക്തമായിരിക്കുന്നത്. യു.എൻ സുരക്ഷാ കൗൺസിലിൽ സംസാരിച്ച മിഡിൽ ഈസ്റ്റ് സമാധാന പ്രക്രിയയുടെ ഡെപ്യൂട്ടി സ്പെഷ്യൽ കോഓർഡിനേറ്റർ റമീസ് അൽഅക്ബറോവ്, ഈ വർഷം ഇതുവരെ 76 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പറഞ്ഞു. ഇതിൽ 18 കുട്ടികളാണ്. ആക്രമണം, വീടുകൾ പൊളിച്ചുനീക്കൽ, പുറത്താക്കൽ എന്നിവയെ തുടർന്ന് ഏകദേശം 3,800 പേർക്ക് വീടുവിട്ടുപോകേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Israel West Bank Raids Intensify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.