ഡെൽസി റോഡ്രിഗ്വസ്, നിക്കൊളാസ് മദുറോ

മദുറോ ഇല്ലാത്ത വെനിസ്വേല ഇസ്രയേലുമായി കൈകോർക്കുന്നു; നിലപാട് മാറ്റിയത് അമേരിക്കൻ ഇടപെടൽ

കാരാക്കസ്: വെനസ്വേലൻ നേതാവ് നികോളാസ് മദുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് രാജ്യത്തിന്റെ വിദേശനയത്തിൽ നിർണായക മാറ്റങ്ങൾ. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം വെനസ്വേലയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി. 2009-ൽ ഗസ്സക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മദുറോ ഭരണകൂടമാണ് ഇസ്രായേലുമായുള്ള നയതന്ത്രബന്ധം പൂർണമായി വിച്ഛേദിച്ചിരുന്നത്.

കഴിഞ്ഞ ജനുവരിയിൽ നടന്ന യു.എസ് സൈനിക നടപടിയിൽ മദുറോ പിടികൂടപ്പെട്ടതിനെ തുടർന്ന്, ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗ്വസ് അമേരിക്കയുമായും ഇസ്രായേലുമായും ബന്ധം പുതുക്കാൻ സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിർണായക നീക്കം.

സമീപകാലത്ത് വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇസ്രായേൽ സംഘത്തെ അയച്ചിരുന്നു. ദുരന്ത നിവാരണത്തിലെ സാങ്കേതിക സഹകരണത്തോടൊപ്പം ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് കൗൺസുലർ സേവനങ്ങൾ ഉറപ്പാക്കാൻ സംയുക്ത സംവിധാനം രൂപീകരിക്കുമെന്ന് വെനസ്വേലൻ വിദേശകാര്യ മന്ത്രി ഫെലിക്സ് പ്ലാസെൻസിയ ഗോൺസാലസ് സ്ഥിരീകരിച്ചു.

വെനസ്വേലയിലെ ജൂത സമൂഹവും ഇസ്രായേലും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് ഇസ്രായേലും പ്രതികരിച്ചു. സമ്പൂർണ നയതന്ത്രബന്ധത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും, അമേരിക്കൻ അനുകൂല നിലപാടിലേക്ക് വെനസ്വേല മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് കൗൺസുലർ ബന്ധം പുനഃസ്ഥാപിച്ചതിലൂടെ പുറത്തുവരുന്നത്.

മദുറോ നീക്കപ്പെട്ടതിന് ശേഷം അധികാരമേറ്റ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗ്വസ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി അടുത്ത ബന്ധ പുലർത്തുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. മുൻപ് മഡൂറോ നിലനിർത്തിയിരുന്ന ക്യൂബയുമായുള്ള ദീർഘകാല സഖ്യത്തിൽ നിന്ന് അകന്ന് അമേരിക്കൻ അനുകൂല പാത സ്വീകരിച്ച പുതിയ ഭരണകൂടം, ഈ അടുത്തിടെ അന്താരാഷ്ട്ര കുറ്റകൃത്യ കോടതിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതും യു.എസിനോട് കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - മദുറോ ഇല്ലാത്ത വെനിസ്വേല ഇസ്രയേലുമായി കൈകോർക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.