പീറ്റർ നവാരോ

ഇന്ത്യക്കാർ തന്നെ ‘ഫയർബോംബ്’ ചെയ്തതായി ട്രംപിന്റെ ഉപദേഷ്ടാവ്; സംഭവം റഷ്യൻ എണ്ണക്കച്ചവടത്തിൽ ഇന്ത്യയെ വിമർശിച്ചതിന് പിന്നാലെ

വാഷിങ്‌ടൺ: ഇന്ത്യയുടെ വ്യാപാര നയങ്ങളെയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെയും വിമർശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വൻ സൈബർ ആക്രമണമുണ്ടായതായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ഇന്റർനെറ്റിൽ തനിക്ക് നേരെ രൂക്ഷമായ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നുവെന്നും, എന്നാൽ അമേരിക്കയിൽ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നത് ഈ രീതിയിലല്ലെന്നും നവാരോ മാധ്യമങ്ങളോട് പ്രതികരിച്ചു.

റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വൻതോതിൽ വർധിപ്പിച്ചുവെന്ന നവാരോയുടെ പ്രസ്താവനയാണ് ഇതിന് പിന്നിൽ . എന്നാൽ താൻ മുന്നോട്ടുവെച്ച വാദത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് നവാരോ പറഞ്ഞു. യുദ്ധത്തിന് മുൻപ് ഇന്ത്യക്ക് റഷ്യൻ എണ്ണവ്യാപാരത്തിൽ പങ്കില്ലായിരുന്നുവെന്നും, എന്നാൽ യുദ്ധം തുടങ്ങിയതോടെ റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിലൂടെ റഷ്യയുടെ 'യുദ്ധ സന്നാഹങ്ങൾക്ക്' ഇന്ത്യ സാമ്പത്തികമായി പിന്തുണ നൽകിയെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഇതേക്കുറിച്ച് ഫിനാൻഷ്യൽ ടൈംസിൽ താൻ എഴുതിയ ലേഖനം റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണവ്യാപാരം കുറക്കാൻ സഹായിച്ചിട്ടുണ്ടെന്നും നവാരോ അവകാശപ്പെട്ടു.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര-നിർമാണ വിഭാഗം ഉപദേഷ്ടാവായ പീറ്റർ നവാരോ മുമ്പും ഇന്ത്യക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ്. ഇന്ത്യയെ "താരിഫുകളുടെ മഹാരാജാവ്" എന്നും, റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി വിൽക്കുന്നതിലൂടെ "ക്രെംലിന്റെ ലൗണ്ട്രോമാറ്റ്" (റഷ്യൻ ഭരണകൂടത്തിന്റെ അനധികൃത ഇടപാടുകൾ വെളുപ്പിച്ചെടുക്കുന്ന കേന്ദ്രം) എന്നും നവാരോ വിശേഷിപ്പിച്ചിരുന്നു. അമേരിക്കൻ നികുതിദായകരുടെ പണം ഉപയോഗിച്ച് യുക്രെയ്നെ സഹായിക്കുമ്പോൾ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങി മോസ്കോക്ക് സാമ്പത്തിക പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, നവാരോയുടെ പ്രസ്താവനകളെയും ആരോപണങ്ങളെയും നേരത്തേ തന്നെ ഇന്ത്യ പൂർണമായി തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് നവാരോ നടത്തുന്ന പ്രസ്താവനകൾ തെറ്റായതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജെയ്‌സ്വാൾ വ്യക്തമാക്കിയതാണ്. സ്വന്തം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ മുൻനിർത്തി ലോക വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്നും, അന്താരാഷ്ട്ര ഉപരോധങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.

Tags:    
News Summary - Trump aide says he got ‘firebombed’ by India over remarks against its Russian oil purchases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.