ഡോണൾഡ് ട്രംപ്
വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തുർക്കിയ സന്ദർശനത്തിനിടയിൽ ഇറാനിൽ നിന്നും വധഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വിമാനം മാറി കയറിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ട്രംപിന് നേരെ ആക്രമണം നടത്താൻ ഇറാന്റെ പക്കൽ കൃത്യമായ വിവരങ്ങളുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രംപിന്റെ ലൊക്കേഷൻ വരെ ഇറാന്റെ ഏജന്റുമാർ കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ വിമാനത്തിൽ നിന്ന് മറ്റ് വിമാനങ്ങളിലേക്ക് മാറ്റേണ്ടിവന്നതെന്ന് രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
ട്രംപ് സഞ്ചരിക്കേണ്ട ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണി’ന് നേരെ മിസൈൽ ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യ വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ട്രംപിന്റെ ഓരോ നീക്കവും ഇറാൻ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന വിവരം അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചതായാണ് റിപ്പോർട്ടുകൾ. ട്രംപ് താമസിച്ചിരുന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചും കെട്ടിടത്തിലെ ഏത് നിലയിലാണ് അദ്ദേഹം ഉള്ളതെന്നതിനെക്കുറിച്ചും ഇറാന്റെ ഏജന്റുമാർക്ക് അറിവുണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വ്യക്തമായ വിവരം ലഭിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ട്രംപ് സഞ്ചരിക്കുന്ന വിമാനത്തിന് നേരെ തോളിൽ വെച്ച് പ്രയോഗിക്കാവുന്ന മിസൈൽ ആക്രമണം ഉണ്ടായേക്കാമെന്നതായിരുന്നു പ്രധാന മുന്നറിയിപ്പ്. ഉച്ചകോടി നടക്കുന്ന വേദിയുടെ സമീപത്ത് സമാനമായ ആയുധവുമായി ഒരാളെ കണ്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പുറമേ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സുരക്ഷാ വിഭാഗം വിമാനം മാറ്റാൻ തീരുമാനിച്ചത്. ഖത്തർ നൽകിയ പുതിയ വിമാനത്തിലായിരുന്നു ട്രംപ് അങ്കാറയിലെത്തിയതെങ്കിലും മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അതിൽ പൂർണമല്ലാതിരുന്നതാണ് വിമാനം മാറ്റാൻ കാരണമായത്.
ഭീഷണി അതീവ ഗൗരവമുള്ളതാണെന്ന് കണ്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആസൂത്രിതമായ ഒരു നാടകീയ നീക്കത്തിന് കളമൊരുക്കിയത്. നാറ്റോ ഉച്ചകോടി കഴിഞ്ഞ് മടങ്ങാനുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയ ട്രംപിനെ കാമറകളുടെ കണ്ണുവെട്ടിക്കാൻ എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതായി കാണിച്ചു. എന്നാൽ, ആരും കാണാതെ ട്രംപിനെ രഹസ്യമായി പുറത്തെത്തിച്ച് ഒരു കാറ്ററിങ് ട്രക്കിന്റെ കണ്ടെയ്നറിനുള്ളിലേക്ക് മാറ്റുകയും, അവിടെ നിന്നും മറ്റൊരു സൈനിക വിമാനമായ എയർഫോഴ്സ് സി-32എ (C-32A)-യിലേക്ക് ട്രംപിനെ സുരക്ഷിതമായി മാറ്റുകയുമായിരുന്നു. തുടർന്ന് ഈ സൈനിക വിമാനത്തിലാണ് അദ്ദേഹം ബ്രിട്ടനിലേക്ക് യാത്ര തിരിച്ചത്. കാറ്ററിങ് ട്രക്ക് എയർഫോഴ്സ് വണ്ണിന് സമീപം വന്ന് തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.
മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസ് ജീവനക്കാരും ട്രംപ് പഴയ വിമാനത്തിൽ തന്നെ ഉണ്ടെന്നാണ് കരുതിയിരുന്നത്. ട്രംപ് വിമാനം മാറിയ വിവരം ഇവർ അറിഞ്ഞിരുന്നില്ല. മാത്രമല്ല വിമാനത്തിന്റെ ജനൽ കർട്ടനുകൾ താഴ്ത്തിയിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇവർക്ക് കർശന നിർദേശം നൽകിയിരുന്നു. ട്രംപ് ഈ വിമാനത്തിൽ തന്നെ ഉണ്ടെന്ന തോന്നൽ ഉണ്ടാക്കാനാണ് ഇങ്ങനെ ചെയ്തത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ട്രംപിനൊപ്പം അതീവ രഹസ്യമായി ഈ ചെറിയ വിമാനത്തിലാണ് യാത്ര തിരിച്ചത്.
സംഭവത്തെക്കുറിച്ച് പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു. സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും കർശന നിർദേശപ്രകാരമാണ് താൻ രഹസ്യമായി വിമാനം മാറ്റിയതെന്നും, സുരക്ഷാ ഉദ്യോഗസ്ഥർ എന്ത് പറയുന്നുവോ അതാണ് താൻ അനുസരിക്കാറുള്ളതെന്നും ട്രംപ് വ്യക്തമാക്കി. ‘ആരോ ഒരു ഭീഷണി മുഴക്കിയിട്ടുണ്ടാകാം, അതിന്റെ വിശദാംശങ്ങളെക്കുറിച്ചൊന്നും ഞാൻ അധികം ചോദിച്ചില്ല. എനിക്ക് ധാരാളം ഭീഷണികൾ വരാറുണ്ട്,’ എന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.