തെഹ്റാൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തോളം നടക്കുന്ന ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും യു.എസും അവകാശവാദം ഉന്നയിക്കുന്നതിനിടെ പശ്ചിമേഷ്യൻ കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം. യു.എസും യെമനിലെ ഇറാൻ അനുകൂല ഹൂതികളും ചൊവ്വാഴ്ച കപ്പൽ ഗതാഗതത്തിന് നേരെ വെവ്വേറെ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട് ചെയ്തു. ഹുർമുസ് കടലിടുക്കിലേക്ക് നയിക്കുന്ന ഒമാൻ ഉൾക്കടലിലും ചെങ്കടലിന്റെ പ്രവേശന കവാടത്തിലുമാണ് ആക്രമണങ്ങൾ ഉണ്ടായത്. ഹുർമുസ് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും ധാരണ ഉടൻ ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ.
ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള നാവിക ഉപരോധം ലംഘിച്ച് മുന്നേറിയ പനാമയുടെ പതാകയേന്തിയ കാർഗോ കപ്പലിന് നേരെ യു.എസ് സൈനിക വിഭാഗം മിസൈൽ ആക്രമണം നടത്തിയതായി അറിയിച്ചു. ചെങ്കടലിന്റെ തെക്കേ അറ്റത്തുള്ള ബാബ് എൽ-മന്ദബ് കടലിടുക്കിൽ ചൊവ്വാഴ്ച കാർഗോ കപ്പലിന് നേരെ ഹൂതികൾ നടത്തിയെന്ന് സംശയിക്കുന്ന ആക്രമണത്തിൽ നാല് ജീവനക്കാർ കൊല്ലപ്പെട്ടതായി യെമൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ഹൂതി വിരുദ്ധ സൈനിക ഗ്രൂപ്പിൽ നിന്നുള്ള രണ്ട് യെമൻ രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടതായി യെമൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഈജിപ്ത് ഉടമസ്ഥതയിലുള്ള 'തിഹാമ' എന്ന കപ്പലിനു നേരെയാണ് ചെങ്കടലിൽ ആക്രമണം ഉണ്ടായത്. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികൾ കപ്പൽ ഗതാഗതത്തിന് നേരെ നടത്തുന്ന ആക്രമണങ്ങളിലെ ആദ്യത്തെ മരണങ്ങളാണിത്. എന്നാൽ ബാബ് എൽ-മന്ദബ് കടലിടുക്കിൽ സൈനിക ഉപകരണങ്ങളുമായി സഞ്ചരിച്ച സൗദി കപ്പലിനെയാണ് തങ്ങൾ ആക്രമിച്ചതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള 'സബ' വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കപ്പലിന്റെ പേര് അവർ വ്യക്തമാക്കിയിട്ടില്ല. സൗദി അറേബ്യയുടെ പ്രതികരണവും ലഭിച്ചിട്ടില്ല. ഹുർമുസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ഇറാനും അമേരിക്കയും വാഗ്വാദങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനുമായുള്ള സ്ഥിതിഗതികൾ ഭംഗിയായി നടക്കുന്നുണ്ടെന്നും ഹുർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
ഹുർമുസ് തുറക്കുന്നതിന് ഇറാൻ ചില നിബന്ധനകൾ മുന്നോട്ടുവെക്കുകയും, ഇത് അംഗീകരിച്ചില്ലെങ്കിൽ കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
യു.എസിന്റെ ആക്രമണവും ഉപരോധവും പൂർണ്ണമായി അവസാനിപ്പിക്കുക, മരവിപ്പിച്ച ആസ്തികൾ മോചിപ്പിക്കുക, പ്രാദേശിക വെടിനിർത്തൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹുർമുസ് തുറക്കാൻ ഇറാൻ മുന്നോട്ടുവെക്കുന്നത്. ഈ നിബന്ധനകളെല്ലാം പാലിക്കപ്പെടുന്നതുവരെ ഹുർമുസ് അടഞ്ഞുകിടക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി വ്യക്തമാക്കി. യു.എസ് ലക്ഷ്യങ്ങൾക്കു നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.