അമിതമായി ഇൻസുലിൻ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 760 വർഷം തടവ് വിധിച്ച് യു.എസ് കോടതി

വാഷിങ്ടൺ: മാരകമായ അളവിൽ ഇൻസുലിൻ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ച് യു.എസ് കോടതി. 2020നും 2023നുമിടെ നഴ്സ് ജോലി ചെയ്തിരുന്ന അഞ്ച് ആരോഗ്യകേന്ദ്രങ്ങളിലെ 17 രോഗികളെയാണ് ഇങ്ങനെ കൊലപ്പെടുത്തിയത്. ഈ രോഗികളുടെ മരണത്തിന് ഉത്തരവാദി നഴ്സ് ആണെന്ന് കോടതി പറഞ്ഞു.

പെൻസിൽവാനിയയിലെ നഴ്സായ ഹെതർ പ്രസ്ഡി(41)യെയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതകശ്രമങ്ങളിലും ഹെതർ കുറ്റസമ്മതം നടത്തിയിരുന്നു. 22 രോഗികൾക്ക് അമിതമായ അളവിൽ ഇൻസുലിൻ നൽകിയതിനും ഹെതറിനെതിരെ കുറ്റം ചുമത്തി. രാത്രി കാല ഷിഫ്റ്റിൽ ജോലി ചെയ്യവെയാണ് പ്രമേഹമില്ലാത്ത രോഗികളിലുൾപ്പെടെ അമിതമായി ഇൻസുലിൻ കുത്തി വെച്ച് നഴ്സ് കൊലപാതകശ്രമം നടത്തിയത്. മിക്ക രോഗികളും ഡോസ് സ്വീകരിച്ചതിനു ശേഷം മരിച്ചു. 43 മുതൽ 104 വയസ് വരെ പ്രായമുള്ളവരായിരുന്നു ഹെതറിന്റെ ക്രൂരകൃത്യത്തിന് ഇരയായത്. അമിതമായി ഇൻസുലിൻ കഴിച്ചാൽ അത് ഹൈപോഗ്ലൈസീമിയയിലേക്ക് നയിച്ച് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. ഈ രീതിയിൽ രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വർഷം​ മേയിലാണ് അവർക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകശ്രമങ്ങളുടെ കഥകൾ പൊലീസിന് മുന്നിൽ ചുരുളഴിഞ്ഞത്.

ജോലി ചെയ്തിരുന്ന ആരോഗ്യകേന്ദ്രങ്ങളിലെ സഹപ്രവർത്തകർക്ക് നഴ്സിന്റെ നടപടികളിൽ സംശയമുണ്ടായിരുന്നു. രോഗികളോടുള്ള ഹെതറിന്റെ പെരുമാറ്റത്തെ കുറിച്ചും പരാതിയുണ്ടായിരുന്നു. രോഗികളോട് വിദ്വേഷത്തോടെ പെരുമാറുന്നതും അവരെ നിരന്തരം അവഹേളിക്കുന്നതും സഹപ്രവർത്തകർ ശ്രദ്ധിച്ചിരുന്നു. വിചാരണക്കിടെ ഹെതർ കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞു. 2018 മുതലാണ് ഹെതർ നഴ്സിങ് ജോലി തുടങ്ങിയത്.

Tags:    
News Summary - Nurse who killed 17 patients jailed for over 700 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.