ഫലസ്തീൻ രാഷ്ട്ര അംഗീകാരം: കടുത്ത നിലപാടിലേക്ക് ലോകം; കുരുക്ക് നെതന്യാഹുവിന്

ലണ്ടൻ: ഫലസ്തീൻ രാഷ്ട്ര പ്രഖ്യാപനം നടന്ന് പതിറ്റാണ്ടുകളായിട്ടും അംഗീകരിക്കാൻ മടിച്ച് വിട്ടുനിന്ന യൂറോപ് ഒടുവിൽ കൂട്ടമായി അംഗീകാരം അറിയിക്കുമ്പോൾ ശരിക്കും പ്രതിക്കൂട്ടിൽ കയറി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചതിനുടനാണ് യൂറോപ് പുതിയ നീക്കവുമായി എത്തുന്നത്.

ഒരു രാഷ്ട്രമെന്ന നിലക്ക് എല്ലാ അവകാശങ്ങളും നൽകിയാണ് ഫലസ്തീനെ അംഗീകരിക്കുകയെന്ന് നോർവേ, അയർലൻഡ്, സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവ ഉൾപ്പെടുന്ന 1967നു മുമ്പുള്ള അതിർത്തികൾ പ്രകാരമാണ് അംഗീകാരമെന്നും അവർ വ്യക്തമാക്കുന്നു.

‘‘ഒരു രാജ്യത്തെ അംഗീകരിക്കുമ്പോൾ, ആ സമയത്തെ ഭരണകൂടത്തെയല്ല അംഗീകരിക്കുന്നത്. നിർണിത അതിർത്തികളുള്ള രാജ്യത്തെ സ്ഥിരം ജനതയെ ആണ്. ഇവിടെ 1967ലെ അതിർത്തികൾ പ്രകാരമാണ്’’- അയർലൻഡ് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ഫ്രാൻസ്, ജർമനി എന്നിവ ഉടൻ അംഗീകാരം നൽകാനില്ലെന്ന് പ്രതികരിച്ചെങ്കിലും സ്വതന്ത്ര ഫലസ്തീൻ എന്ന ആശയത്തെ പിന്തുണക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ട്.

ഫലസ്തീൻ മധ്യസ്ഥ വിഷയങ്ങളിൽ കാലങ്ങളായി മുന്നിൽനിൽക്കുന്ന നോർവേ പുതിയ പ്രഖ്യാപനം നടത്തിയത് ഇസ്രായേലിനെതിരെ ലോകം കടുത്ത നിലപാടിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകുന്നതാണ്. യു.എസും പ്രസിഡന്റ് ബൈഡനും ആയുധങ്ങളും ഉറച്ച പിന്തുണയും നൽകി ഇസ്രായേലിന്റെ ക്രൂരതകൾക്ക് കൂട്ടുണ്ടെങ്കിലും സമ്മർദം ശക്തമാകുന്നത് അവരെയും കുരുക്കിലാക്കും.

ലോക കോടതികളായ ഐ.സി.സി, ഐ.സി.ജെ എന്നിവയിൽ പുരോഗമിക്കുന്ന കേസുകൾക്കൊപ്പം കഴിഞ്ഞ ദിവസം ലണ്ടൻ ആസ്ഥാനമായ ‘ഇന്റർനാഷനൽ സെന്റർ ഫോർ ജസ്റ്റിസ് ഫോർ പാലസ്റ്റീനിയൻസ്’ എന്ന സംഘടന സ്കോട്‍ലൻഡ് യാർഡിലും ഇസ്രായേലിനെതിരെ പരാതി നൽകിയിരുന്നു. 800 പേജുകളിലായി തെളിവുകളടക്കം, ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പരാതി. എട്ടാം മാസത്തിലേക്ക് കടന്ന വംശഹത്യ നിർത്താനോ ഫലസ്തീനെ അംഗീകരിക്കാനോ നെതന്യാഹുവും ഇസ്രായേലും താൽപര്യപ്പെടുന്നില്ലെന്ന തിരിച്ചറിവാണ് രാജ്യങ്ങളെ അടുത്ത നടപടികൾക്ക് നിർബന്ധിക്കുന്നത്.

കഴിഞ്ഞ ഡിസംബർ മുതൽ ഇസ്രായേലിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തുള്ള സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് ഇസ്രായേലിനെ ശരിക്കും കുരുക്കിയ പുതിയ അംഗീകാര പ്രഖ്യാപനത്തിലെത്തിച്ചത്. കഴിഞ്ഞ മാർച്ചിൽ അയർലൻഡ്, െസ്ലാവേനിയ, മാൾട്ട എന്നീ രാജ്യങ്ങളുടെ തലവന്മാരെ കണ്ട് വിഷയം ചർച്ച ചെയ്തു.

Tags:    
News Summary - Norway, Ireland, Spain to recognise Palestinian state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.